കൊട്ടാരക്കര.ഡോക്ടര്‍ വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നൽകണമെന്ന് കോടതി നിർദ്ദേശം. സന്ദീപിനായി അഡ്വ.ബി ആളൂർ ഹാജരായി. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇന്ന് തന്നെ തെളിവെടുപ്പ് നടത്തിയേക്കും.
ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ സന്ദീപിനെ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.ഇതിന് പിന്നാലെയാണ് 5 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചത്.
ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും കസ്റ്റഡിയിൽ വിടരുതെന്നും സന്ദീപിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് തെളിവെടുപ്പ് നടത്തുന്നതെന്നും സന്ദീപിൻ്റെ അഭിഭാഷകൻ കോടതിയിൽ ആരാഞ്ഞു.
എന്നാൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കസ്റ്റഡിയിൽ ഉള്ള ചോദ്യo ചെയ്യൽ അനിവാര്യമെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി.പ്രതിയെ തിരിച്ചറിയൽ പരിശോധനയ്ക്ക് വിധേയമാക്കണം.
പ്രതിയെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച കോടതി അഞ്ചുദിവസത്തേക്ക് സന്ദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി സമയത്ത് പ്രതിയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇന്ന് തന്നെ തെളിവെടുപ്പ് നടത്തിയേക്കും.