കൊല്ലം. ബ്യൂട്ടിഷ്യനായിരുന്ന യുവതിയെ കൊല്ലത്തു നിന്ന് പാലക്കാട്ടെത്തിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. മുഖത്തല സ്വദേശിയായ സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കോഴിക്കോട് സ്വദേശി പ്രശാന്തിനാണ് കൊല്ലം കോടതി ശിക്ഷ വിധിച്ചത്. പ്രശാന്ത് നമ്പ്യാരുടെ ഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട സുചിത്ര.
കൊല്ലം പള്ളിമുക്കിലെ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സൂചിത്രയെ 2020 മാർച്ച് 20 നാണ് പ്രശാന്ത് കൊലപ്പെടുത്തിയത്.
. കൊലപാതകം, തട്ടിക്കൊണ്ടുപോകാൻ , ആഭരണം കവരുക, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോടെ അനാദരവ് കാണിക്കൽ എന്നിവയാണ് കുറ്റങ്ങൾ.
കൊലപാതകത്തിന്
ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ ഒരു വർഷം അധികതടവ് അനുഭവിക്കണം.
കൊലപാതകത്തിനായി തട്ടിക്കൊണ്ടു പോകൽ ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും,
ആഭരണം കവർന്നത് – മൂന്നുവർഷം കഠിന തടവ് അമ്പതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം.
തെളിവ് നശിപ്പിച്ചതിന് മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മൃതദേഹത്തോടെ അനാദരവ് കാണിക്കൽ ഒരു വർഷം കഠിനതടവ് – എന്നിങ്ങനെയാണ് ശിക്ഷാ വിധി.
കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജ് റോയ് വർഗീസാണ് വിധി പറഞ്ഞത്.
പാലക്കാട് മണലിയിലെ പ്രശാന്തിന്റെ വാടക വീട്ടിൽ വച്ച് കഴുത്തിൽ കേബിൾ മുറുക്കി കൊന്ന ശേഷം കാലുകൾ മുറിച്ചുമാറ്റി, വീടിനോട് ചേർന്നുളള ചതുപ്പിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പെട്രോൾ ഉപയോഗിച്ചു കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രശാന്തിന്റെ ഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട സുചിത്ര. ഒന്നിച്ചുതാമസിക്കണമെന്ന സുചിത്രയുടെ ആവശ്യത്തെച്ചൊല്ലിയുളള തർക്കവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലെത്തിയത്. രണ്ടര ലക്ഷം രൂപ പ്രതിയായ പ്രശാന്ത് നമ്പ്യാർ തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി ഒളിപ്പിച്ച സുചിത്രയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. 2020 മാർച്ച് 17 നാണ് സുചിത്ര കൊല്ലം പള്ളിമുക്കിലെ ബ്യൂട്ടിഷൻ സ്ഥാപനത്തിൽ നിന്ന് പ്രശാന്തിന്റെ പാലക്കാട്ടെ വീട്ടിലേക്ക് യാത്ര തിരിച്ചത്. ആലപ്പുഴയിൽ താമസിക്കുന്ന ഭർത്യമാതാപിതാക്കളെ കാണാൻ പോകുന്നുവെന്നാണ് സ്ഥാപനത്തിലുളളവരോട് പറഞ്ഞത്. എന്നാൽ ഏറണാകുളത്ത് ക്ളാസെടുക്കാൻ പോവുകയാണെന്ന് സുചിത്ര സ്വന്തം വീട്ടുകാരോട് പറഞ്ഞു. മാർച്ച് 18 ന് ശേഷം സുചിത്രയെ മൊബൈൽ ഫോണിലും കിട്ടിയില്ല. ദുരൂഹത ബലപ്പെട്ടതോടെ മാർച്ച് 22 ന് ബന്ധുക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകി. പിന്നീട് ഒരുമാസത്തിന് ശേഷമാണ് സുചിത്രയുടെ സുഹൃത്തായ പ്രശാന്തിലേക്ക് അന്വേഷണമെത്തിയത്. പാലക്കാട്ട് സംഗീതാധ്യാപകനായിരുന്നു പ്രശാന്ത് നമ്പ്യാർ