25,000 കോടിയുടെ ലഹരിവേട്ട: വിവരം ശേഖരിച്ച് എൻഐഎ, പാക്ക് പൗരനെ ചോദ്യം ചെയ്തു

Advertisement

കൊച്ചി: ആഴക്കടലിൽ 25,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. ഭീകരവിരുദ്ധ സ്ക്വാഡും എൻസിബിയോട് വിവരങ്ങൾ തേടി. പിടിയിലായ പാക്ക് പൗരനെ ചോദ്യംചെയ്തു.

15,000 കോടി രൂപയുടെ ലഹരിമരുന്നു പിടിച്ചതായാണു നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആദ്യദിവസം റിപ്പോർട്ട് ചെയ്തതെങ്കിലും തുടർന്നു നടത്തിയ പരിശോധനയിലാണു വിപണിവില 25,000 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട ലഹരികടത്തുകാരായ ‘ഹാജി സലിം നെറ്റ്‌വർക്’ ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്ത 2525 കിലോഗ്രാമിലും കൂടുതൽ രാസലഹരി അറബിക്കടലിൽ മുക്കിയതായി കസ്റ്റഡിയിലുള്ള പാക്കിസ്ഥാൻ സ്വദേശി മൊഴി നൽകി.

എൻസിബിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിൻതുടർന്നപ്പോഴാണു വെള്ളംകയറാത്ത രീതിയിൽ പൊതിഞ്ഞ ലഹരി പാഴ്സലുകൾ റാക്കറ്റ് കടലിൽ തള്ളിയത്. ഈ പാഴ്സലുകൾ ജിപിഎസ് സംവിധാനം ഉപയോഗിച്ചു റാക്കറ്റിനു വീണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതിനു മുൻപ് അതു കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നാവിക സേനയുടെ സഹായത്തോടെ എൻസിബിയും നടത്തുന്നുണ്ട്.

ലഹരിമരുന്നു കടലിൽ എറിഞ്ഞ ശേഷം ഇവരുടെ സംഘത്തിലുണ്ടായിരുന്ന ആറു പേർ സ്പീഡ് ബോട്ടുകളിൽ കടന്നതായാണു മൊഴി. പിടിയിലായ പാക്കിസ്ഥാൻ സ്വദേശി ചോദ്യം ചെയ്യലിൽ ‘സുബൈർ’ ‘സുബാഹിർ’ തുടങ്ങിയ പേരുകൾ മാറിമാറി പറയുന്നുണ്ടെങ്കിലും യഥാർഥ പേരു മറ്റൊന്നാവാനാണു സാധ്യത.

Advertisement