റേഷന്‍ വിട്ടൊരു കളിയില്ല,മേഘമലയില്‍ അരിക്കൊമ്പന്‍ റേഷന്‍ കട തകര്‍ത്തു

Advertisement

ഇടുക്കി.തമിഴ്നാട്ടിലും റേഷൻ കട ആക്രമിച്ച് അരികൊമ്പൻ കാട്ടാന. മേഘമലയ്ക്ക് സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനാലകൾ ഭാഗികമായി തകർത്തു. സംഭവത്തിനുശേഷം അരിക്കൊമ്പൻ വനത്തിലേക്ക് തിരിച്ചു കയറി.


എവിടെയായാലും അരിക്കൊമ്പൻ റേഷൻ കട കണ്ടെത്തുമെന്നത് വെറും കെട്ടുകഥയല്ലെന്ന് തെളിയിക്കുകയാണ് ഇന്നത്തെ സംഭവം. രണ്ടാഴ്ചയോളമായി കൊമ്പനുള്ളത് മേഘമലയിലാണ്. യാതൊരു അക്രമ സ്വഭാവവും കാട്ടാതെ തമിഴ്നാട് വകുപ്പിന്റെ ഗുഡ് സർട്ടിഫിക്കറ്റും നേടിയെടുത്തിരുന്നു. എന്നാൽ കഴിഞ്ഞദിവസം രാത്രി അരിക്കൊമ്പൻ മണലാർ എസ്റ്റേറ്റിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങി. റേഷൻ കട കണ്ടെത്തി അരി മോഷ്ടിക്കാൻ ശ്രമം നടത്തി. റേഷൻ കടയുടെ ജനലുകൾ കൊമ്പൻ ഭാഗികമായി തകർത്തു. എന്നാൽ അരി തിന്നാതെ ആന തിരികെ കാടുകയറി. കടയ്ക്കു മുൻപിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനം ആന തൊട്ടതു പോലുമില്ലെന്ന് നാട്ടുകാർ പറഞ്ഞു.
റേഷൻ കട കണ്ടുപിടിച്ച സ്ഥിതിക്ക് ഇനിയുള്ള രാത്രികളിലും അരിക്കൊമ്പൻ ഇറങ്ങുമോ എന്നാണ് നാട്ടുകാരുടെ ആധി. കഴുത്തിൽ കോളറിട്ട ആന ആയതിനാൽ അരിക്കൊമ്പനെ നാട്ടുകാർക്ക് തിരിച്ചറിയാൻ എളുപ്പമാണ്. ആനയുടെ സഞ്ചാരം തമിഴ്നാട്, കേരള വനം വകുപ്പുകൾ നിരീക്ഷിക്കുന്നുണ്ട്. ജിപിഎസ് കോളറിൽ നിന്ന് ഒരു മണിക്കൂർ ഇടവിട്ടാണ് സിഗ്നലുകൾ ലഭിക്കുന്നത്. ഇത് നിരീക്ഷണത്തിന് തടസ്സമാണ്.

Advertisement