സ്മാരക നവീകരണത്തിന് പണം നല്‍കാത്തതിന് സിപിഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

Advertisement

തിരുവനന്തപുരം. എം.എൻ സ്മാരക നവീകരണത്തിനു,ചോദിച്ച തുക നൽകാത്തതിന് തിരുവനന്തപുരത്തു വ്യാപാരിയെ മർദ്ദിച്ചുവെന്നു പരാതി.പോത്തൻകോട് കട നടത്തുന്ന
തമിഴ്നാട് സ്വദേശി മാരിയപ്പനെയാണ് പിരിവിനെത്തിയ സി.പി.ഐ പ്രവർത്തകർ മർദ്ദിച്ചത്.മാരിയപ്പന്റെ പരാതിയിൽ പോത്തൻകോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെ പോത്തൻകോട് ജംഗ്ഷനിൽ മാരി ലക്ഷ്മി സ്വീറ്റ്സ് എന്ന പേരിൽ കട നടത്തുന്ന മാരിയപ്പനാണ് മർദ്ദനമേറ്റത്.എം.എൻ സ്മാരക നവീകരണ ഫണ്ടു പിരിക്കാനെത്തിയ എഐടിയുസി മേഖലാ ജനറൽ സെക്രട്ടറി ഷുക്കൂറാണ് മാരിയപ്പന്റെ ഇരു ചെകിട്ടത്തും അടിച്ചതെന്നാണ് പരാതി.പിരിവിനെത്തിയവർ നൽകിയത് 500 രൂപയുടെ കൂപ്പൺ ആയിരുന്നു.എന്നാൽ 50 രൂപയേ തരാൻ നിവൃത്തിയുള്ളൂ എന്ന് പറഞ്ഞ മാരിയപ്പനോട് തട്ടിക്കയറുകയും ചെകിട്ടത്തടിക്കുകയുമായിരുന്നു.

മോശം ഭാഷയിൽ അധിക്ഷേപിച്ചെന്നും,കടയിലെ സാധനങ്ങൾ തട്ടിത്തെറിപ്പിച്ചെന്നും പരാതിയുണ്ട്.

മർദ്ദനമേറ്റ മാരിയപ്പൻ ആശുപത്രിയിൽ ചികിൽസ തേടി.തുടർന്ന് ഇന്നലെ മാരിയപ്പൻ പോലീസിൽ പരാതി നൽകി.പോത്തൻകോട് പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു.
അൻപതു വർഷമായി മാരിയപ്പനും കുടുംബവും പോത്തൻകോട് കട നടത്തിവരികയാണ്.

Advertisement