വിഴിഞ്ഞം തുറമുഖം, ആദ്യഗഡു സര്‍ക്കാര്‍ അനുവദിച്ചു

Advertisement

തിരുവനന്തപുരം.വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കരാർ തുകയുടെ ആദ്യഗഡു പൂർണമായും സര്‍ക്കാര്‍ അനുവദിച്ചു. അദാനി ഗ്രൂപ്പ് സമ്മർദം ശക്തമാക്കിയതോടെയാണ് കെഎഫ്‌സിയിൽ നിന്ന് വായ്പയെടുത്ത് പണം നൽകുന്നത്.

കേന്ദ്രത്തിൻറെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കി. അതിനിടെ ചൈനയിൽ നിന്നും തുറമുഖത്തേക്കുള്ള ക്രെയിനുകൾ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.

പുലിമുട്ട് നിർമാണത്തിന് ആദ്യഗഡുവായി നൽകേണ്ട 347 കോടി രൂപയാവശ്യപ്പെട്ട് രണ്ട് തവണ അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കത്തുനൽകിയിരുന്നു. പണം വൈകിയാൽ കരാറനുസരിച്ചുള്ള പലിശ നൽകണമെന്നും നിർമാണം പ്രതിസന്ധിയിലാകുമെന്നും അറിയിപ്പും നൽകി. തുടർന്നാണ് പണം പൂർണമായും നൽകാനുള്ള സർക്കാർ തീരുമാനം.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് 250 കോടി രൂപ നേരത്തെ അദാനിക്ക് നൽകിയിരുന്നു. ബാക്കി തുക നാളെ കൈമാറും. കെഎഫ്സിയിൽ നിന്നുള്ള വായ്പ സർക്കാരിൻറെ പൊതുകടത്തിൽ പെടുത്തുമെന്ന് അക്കൗണ്ടൻറ് ജനറൽ നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് വീണ്ടും പണം കടമെടുക്കുന്നത്. കേന്ദ്ര സർക്കാർ പദ്ധതിക്ക് നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാൻ വേണ്ട സംസ്ഥാന സർക്കാർ അംഗീകാരവും ഉടൻ നൽകും.
വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാനം 818 കോടി രൂപയും കേന്ദ്രം 817 കോടിയുമാണ് നൽകേണ്ടത്. നിശ്ചിത സമയത്ത് നിർമാണം പൂർത്തിയാകാത്തതിനാൽ സംസ്ഥാന സർക്കാർ ഇതുവരെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകിയിട്ടില്ല. അതിനിടെ കടലിലെ പുലിമുട്ട് നിക്ഷേപം 2251 മീറ്റർ കടന്നു.

Advertisement