കൊച്ചി.കുബുദ്ധികൾക്ക് മറുപടിയില്ല, എഐ ക്യാമറ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളോട് മറുപടിപറയാനുള്ള ബാധ്യതയെ സർക്കാരിന് ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവധാരസാഹിത്യോത്സവത്തിൽ സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ സർക്കാരിനെ പിടിച്ചു കുലുക്കിയ എഐ ക്യാമറ വിവാദം. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്കു ശേഷമാണ് പരസ്യ പ്രതികരണം. വിവാദങ്ങൾക്ക് പിന്നിൽ ടെണ്ടർ നടപടികളിൽ പങ്കെടുക്കാത്തവരെന്നും ഇപ്പോൾ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ കഥകൾ മെനയുന്നു എന്ന് പറഞ്ഞ് കുടുംബത്തിന് നേരെ ഉയർന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിക്കുന്നു.
തെളിവുകൾ അക്കമിട്ട് നിരത്തിയുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഈ മറുപടി എത്രകണ്ട് തൃപ്തികരമെന്ന് കണ്ടറിയണം. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവധാരസാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി അപ്രതീക്ഷിതമായി യുവജനങ്ങളോട് സംവദിക്കുകയായിരുന്നു. ഡോ. വന്ദനയുടെ കൊലപാതകം, കേരള സ്റ്റോറി, വികസനപദ്ധതികൾ തുടങ്ങിയ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.