സംസ്ഥാനത്തെ ആശുപത്രികൾക്ക് 24 മണിക്കൂറും പോലീസ് സംരക്ഷണമൊരുക്കണം,ഹൈക്കോടതി

Advertisement

കൊച്ചി.ഡോ. വന്ദനയുടെ കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷമായ വിമർശനവുമായി ഹൈകോടതി. പ്രതി സന്ദീപിനെ പ്രൊസീജിയർ റൂമിൽ കയറ്റിയപ്പോൾ പോലിസ് എവിടെ യായിരുന്നു എന്ന് കോടതി വിമർശനസ്വരത്തിൽ ചോദിച്ചു. സ്വന്തം ജീവൻ ത്യജിച്ചും പോലീസ് പെൺകുട്ടിയെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുതിയ പ്രോട്ടോകോൾ ഒരാഴ്ചക്കകം തയ്യാറാക്കുമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികൾക്ക് 24 മണിക്കൂറും പോലീസ് സംരക്ഷണമൊരുക്കാൻ ഇടക്കാല ഉത്തരവ്. മജിസ്ട്രേറ്റിനു മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോഴുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധനാ സമയത്തു പാലിക്കാനും നിർദേശം.

ഡോ വന്ദനയുടെ കൊലപാതകത്തിൽ സർക്കാരിനെയും പോലീസിനെയും കോടതി ഇന്നും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ ഹാജരായി സംഭവത്തെക്കുറിച്ച് എഡിജിപി എംആർ അജിത് കുമാർ വിശദീകരിച്ചു. സംഭവ ദിവസം പുലർച്ചെ പ്രതി സന്ദീപ് വിളിച്ച ആദ്യ കോൾ മുതൽ വന്ദനയുടെ മരണം വരെയുള്ള കാര്യങ്ങൾ… call റെക്കോർഡ്, cctv ദൃശ്യങ്ങൾ എന്നിവ സഹിതമാണ് പോലീസ് അവതരിപ്പിച്ചത്. സംഭവസ്ഥലത്ത് ഭയന്ന് നിന്ന് പോയതാണ് വന്ദന ആക്രമണത്തിന് ഇരയാവാൻ കാരണമെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ വസ്തുത വസ്തുതയായി അവതരിപ്പിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

വന്ദന ഭയന്ന് നിന്നപ്പോൾ പൊലീസ് രക്ഷക്കെത്തിയില്ലെന്ന് കോടതി വിമർശിച്ചു. പ്രൊസീജിയർ റൂമിൽ പ്രതിയെ കയറ്റിയപ്പോൾ പോലിസ് എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. സ്വന്തം ജീവൻ ത്യജിച്ചു കൊണ്ട് പെൺകുട്ടിയെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞു. കോടതിയുടെ പരാമർശത്തെ എ.ഡി.ജി.പിയും ശരിവച്ചു. വിഷയത്തെ അലസമായി കാണാനും ന്യായീകരിക്കാനും സർക്കാർ ശ്രമിക്കരുത്.ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് കുറ്റപെടുത്തുന്നതെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ,കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ച കോടതി, മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധനാ സമയത്തും പാലിക്കണമെന്നും നിർദേശിച്ചു. സുരക്ഷയ്ക്കായി പുതിയ പ്രോട്ടോകോൾ തയ്യാറാക്കുമെന്നും, ഇൻഡസ്ട്രിയൽ ഫോഴ്സിനെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വിഷയത്തെ കോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും പിന്നെന്തിനാണ് സമരം നടത്തുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് കോടതി ചോദിച്ചു. വിഷയം കക്ഷികളെ അറിയിക്കാമെന്ന് ഐഎംഎ വ്യക്തമാക്കി. വന്ദനാ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യം സർക്കാർ അതിവേഗം പരിഗണിക്കാനും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

Advertisement