കൊട്ടാരക്കര. ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ എഫ്ഐആറിൽ അടിമുടി പിഴവെന്ന് ആക്ഷേപം. എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയം തെറ്റിയതും കൊലപാതക കുറ്റം ചുമത്താത്തതുമാണ് വിമർശനമായത്. പിന്നാലെ റിമാൻറ് റിപ്പോർട്ടിൽ കൊലപാതക കുറ്റം പോലീസ് ഉൾപ്പെടുത്തി. വിഷയം സാങ്കേതികമായ പ്രശ്നം മാത്രമാണെന്നും ദൃക്സാക്ഷികളുടെ കൂടുതൽ മൊഴിയെടുത്ത് തിരുത്തൽ വരുത്തുമെന്നുമാണ് പൊലീസ് നിലപാട്.
പുലർച്ചെ നാലു നാൽപതിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന അതിക്രമം ഒരു കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിൽ അറിഞ്ഞത് 8 .15 ആണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എട്ടു മുപ്പതിന് ഡോക്ടർ വന്ദനയുടെ മരണം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചെങ്കിലും 9:39ന് തയ്യാറാക്കിയ എഫ്ഐആറിൽ കൊലപാതകം എന്ന് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതക ശ്രമം മാത്രമാണ് എഫ്ഐആറിൽ ഉള്ളത്. ഡോക്ടർ വന്ദനക്കാണ് ആദ്യം കുത്തേറ്റത് എന്ന എഫ്ഐആറിൽ എഴുതിയിരിക്കുന്നതും ഗുരുതര പിഴവാണ്.
അതേസമയം കൂടുതൽ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആറിൽ മാറ്റം വരുത്താനാണ് പൊലീസ് നീക്കം. ഇതിന് ഭാഗമായി കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന്
കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
താലൂക്ക് ആശുപത്രിയിലെ സംഭവങ്ങളിൽ പൊലീസിന് വീഴ്ച ഉണ്ടായില്ലെന്നാണ് പോലീസ് ആവർത്തിക്കുന്നത്.
സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ഡിഎംഒ സാജൻ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ആഭ്യന്തര, ആരോഗ്യവകുപ്പുകളുടെ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കൊല്ലം റൂറൽ എസ് പി ഓഫീസിലേക്ക് ഡിസിസി നേതൃത്വത്തിൽ മാർച്ച് നടത്തി
യൂത്ത് ലീഗ് പ്രവർത്തകരും എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.