ഡോ:വന്ദനയുടെ മരണം: കണ്ണീരണിഞ്ഞ് ജന്മനാട് ; സംസ്കാരം ഇന്ന്, ഡോക്ടർമാർ ഇന്നും പണിമുടക്കും

Advertisement

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച യുവാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ് (25) ൻ്റെ സംസ്കാരം ഇന്ന് 2ന് . കോട്ടയം കടുത്തുരുത്തി മുട്ടുചിറ നമ്പിചിറക്കാലയിൽ കെ.ജി. മോഹൻദാസ് – വസന്തകുമാരി ദമ്പതികളുടെ ഏക മകളാണ് വന്ദന. ഭൗതിക ശരീരം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു.

വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്നും ഡോക്ടർമാരുടെ വിവിധ സംഘടനകൾ പണിമുടക്കും, വിവിധ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹം. അടുത്തിടെയാണ് വീടിന്‍റെ ഗേറ്റിനോടു ചേർന്ന് മതിലിൽ ഡോ. വന്ദന ദാസ് എംബിബിഎസ് എന്ന ബോർഡ് സ്ഥാപിച്ചത്. ഇപ്പോഴിത് നാടിനും വീടിനും നൊമ്പരക്കാഴ്ചയായി മാറിയിരിക്കുന്നു.
ഡോക്ടർ ആകണമെന്ന് തന്നെ ആഗ്രഹിച്ച് പ്ലസ് ടു വരെ കുറവിലങ്ങാട് ഡിപോൾ സ്കൂളിലായിരുന്നു വന്ദനയുടെ സ്കൂൾ വിദ്യാഭ്യാസം. കൊല്ലം അസീസിയ മെഡിക്കൽ കോളെജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള പോസ്റ്റിങ് വന്ദനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ആയിരുന്നു. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ വളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു വന്ദന. എന്നാൽ കൊട്ടാക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്റ്ററായി പ്രവേശിച്ച് അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്റ്ററെ മാരകമായി കുത്തിയത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്റ്ററെ ഇന്നലെ രാവിലെ 7.25 ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കുറിനകം ചികിത്സയിലിരിക്കെ വന്ദന മരണത്തിന് കീഴടങ്ങി. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി.
മകൾക്ക് അപകടം പറ്റിയെന്ന് ആശുപത്രിയിൽനിന്ന് വിളിച്ചറിയിച്ച ഉടൻ മോഹൻദാസും വസന്തകുമാരിയും പുലർച്ചെ ആറരയോടെ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് തിരിച്ചിരുന്നു. തുടർന്ന് സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് നാട്ടുകാരാണ് വന്ദനയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അബ്കാരി കോൺട്രാക്ടറാണ് വന്ദനയുടെ പിതാവ് മോഹൻദാസ്. മന്ത്രി വി എൻ വാസവൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖർ അടക്കമുള്ളവർ ഇന്നലെ വീട്ടിലെത്തി. വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന വന്ദനയുടെ കൊലപാതക വാർത്തയുടെ ഞെട്ടലിൽ നിന്നും നാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. സംസ്കാര ചടങ്ങുകൾ ഇന്ന് 2ന് വീട്ടുവളപ്പിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്.

Advertisement