അധ്യാപകന്‍റെ ഉടുപ്പിട്ട വന്യമൃഗം,സന്ദീപ് സ്ഥിരം പ്രശ്നക്കാരൻ

Advertisement

കൊട്ടാരക്കര. അധ്യാപകനെന്ന നാട്യത്തില്‍ ജീവിച്ച് ലഹരിക്കടിമയായി ഒരു നിരപരാധിയുടെ ജീവന്‍ കുത്തിക്കെടുത്തിയ പിശാച്. ഒരു കുറ്റവാളിയുടെ ജീവന്‍ രക്ഷിക്കാന്‍ കൊല്ലത്തിന്‍റെ ചരിത്രത്തില്‍ പൊലീസിന് ഇത്രയും പാടുപെടേണ്ടി വന്നിട്ടില്ല. ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍കോളജില്‍ എത്തിച്ച് ശുശ്രൂഷ ലഭ്യമാക്കാന്‍ ശ്രമിച്ചയിടത്തുനിന്നും സന്ദീപ് എന്ന വന്യ ജീവിയെ വാഹനത്തില്‍കയറ്റി ഓടേണ്ട ഗതികേടിലായിരുന്നു പൊലീസ്. ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപ് സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശിയായ സന്ദീപ് അധ്യാപകനായിരുന്നു എന്നതാണ് വിരോധാഭാസം. എന്നാൽ സ്ഥിരം മദ്യപാനിയായ ഇയാൾ സ്കൂളിൽ ഉൾപ്പെടെ തലവേദനയായിരുന്നു. ഇയാള്‍പഠിപ്പിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ നടുക്കത്തോടെയാണ് ഇന്നലെ വാര്‍ത്തകേട്ടത്.

കുടുംബജീവിതത്തിലും പൊതുജീവിതത്തിലും സന്ദീപിന് ഒരു ചിട്ടയും ഉണ്ടായിരുന്നില്ല. രണ്ടു കുട്ടികളുടെ പിതാവായ സന്ദീപ് പക്ഷേ നാളുകളായി ഭാര്യയുമായി അകന്നു കഴിയുകയാണ്. വീട്ടിലും വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

നാട്ടിൽ അധിക ബന്ധങ്ങളൊന്നും സന്ദീപിനുണ്ടായിരുന്നില്ല. മദ്യപിച്ച് ലക്ക് കെട്ട് നിൽക്കുന്നത് നാട്ടുകാരിൽ പലരും പല ദിവസങ്ങളിലും കണ്ടിട്ടുമുണ്ട്.

വിലങ്ങറ യുപി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപ് സംരക്ഷിത ഒഴിവിലാണ് നെടുമ്പന യുപി സ്കൂളിലേക്ക് എത്തുന്നത്. ആദ്യ ദിവസങ്ങളിൽ നെടുമ്പന സ്കൂളിലെത്തുമ്പോൾ മദ്യപിച്ചെത്തിയത് അധ്യാപകർ ചോദ്യം ചെയ്തിരുന്നു.

സ്വകാര്യ വിഷയങ്ങൾ അധ്യാപകരോട് പറയാനോ വലിയ സൗഹൃദം സ്ഥാപിക്കാനോ ശ്രമിച്ചിട്ടുമില്ല. മാതാവിൻ്റെ അസുഖവും, ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും സന്ദീപിനെ കൂടുതൽ മാനസിക സംഘർഷത്തിൽ ആക്കിയിരുന്നു. ഇയാള്‍ മറ്റ് തരത്തിലെ ലഹരി എന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന് ഇനി പൊലീസ് കണ്ടെത്തേണ്ടതാണ്. ഇത്ര പൈശാചികമായ പെരുമാറ്റം സാധാരണ ന്യൂജെന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലാണ് കാണാറെന്ന് പൊലീസുകാര്‍ തന്നെ സൂചിപ്പിക്കുന്നു.

Advertisement