മാലിന്യം വലിച്ചെറിഞ്ഞാൽ പൂട്ടാൻ വാട്സാപ്പ് തന്ത്രം

മൂന്നാർ: പൊതുസ്ഥലങ്ങളിൽ മാലിന്യവും വലിച്ചെറിയുന്നതു കണ്ടെത്തുന്നതിനായി വാട്സാപ്പ് തന്ത്രവുമായി മൂന്നാർ പഞ്ചായത്ത് അധികൃതർ രംഗത്ത്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ഉപയോഗിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം. അതിനായി പൊതുജനങ്ങളെ ഉൾപ്പെടുത്തി വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. ആന്റി ലിറ്റർ വൊളന്റിയേഴ്സ്’ എന്ന പേരിലാണ് പുതിയ വാട്സാപ് കൂട്ടായ്മ ആരംഭിച്ചത്. മാലിന്യം വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ ഇതിലൂടെ സാധികുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പഞ്ചായത്തിലെ എവിടെയും മാലിന്യം വലിച്ചെറിയുന്നതും തള്ളുന്നതും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചാൽ മതി. ഫോണിലെടുത്ത ചിത്രങ്ങളും ലൊക്കേഷനും സഹിതം വാട്സാപ് ഗ്രൂപ്പിൽ ഇട്ടാൽ നടപടി ഉറപ്പാണെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും പറയുന്നത്. തെളിവ് ലഭിച്ചാലുടൻ തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കും. തെളിവ് സഹിതം നൽകുന്നവർ സാമൂഹ്യ സേവനം മാത്രമായി കാണണ്ട. നല്ല സമ്മാനത്തുകയും ലഭിക്കും. 3000 രൂപയാണ് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. പൊതുസ്ഥലങ്ങളിൽ മാലിന്യവും വലിച്ചെറിയുന്നതു കണ്ടെത്താൻ ഇതെല്ലാം സഹായിക്കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും പറയുന്നത്.

മൂന്നാറിലെ തൊഴിൽ സ്ഥാപനങ്ങൾ , റിസോർട്ടുകൾ , വീടുകൾ എന്നിവിടങ്ങളിൽ നിന്നും തരംതിരിച്ചാണ് മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ വാങ്ങുന്നത്. എന്നാൽ മൂന്നാറിൽ വിനോദത്തിനെത്തുവർ പഞ്ചായത്തിൻറെ നിർദ്ദേശങ്ങൾ അവഗണിച്ച് മാലിന്യങ്ങൾ വഴിയോരങ്ങളിൽ തള്ളുകയാണ്. ഇത് ജനപങ്കാളിത്യത്തോടെ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യ സംസ്കരണ പദ്ധതികൾ കൃത്യമായി നടപ്പിലാക്കി മൂന്നാറിൻറെ പ്രകൃതി സൗന്ദര്യം നിലനി‍ർത്താൻ സാധിക്കുമെന്നാണ് മൂന്നാർ പഞ്ചായത്ത് അധികൃതർ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ വാട്സാപ്പ് ഗ്രൂപ്പിനോട് കാര്യമായി സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Advertisement