മണിക്കിണര്‍ നവീകരണം: ഗുരുവായൂരില്‍ വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിന് നിയന്ത്രണം

Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങള്‍ക്കുമായി ജലം എടുക്കുന്ന മണിക്കിണര്‍ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങള്‍ ദേവസ്വം പുറത്തുവിട്ടിട്ടില്ല. ക്ഷേത്രത്തിലെ നേദ്യങ്ങള്‍ തയ്യാറാക്കാന്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും.
2014ല്‍ മണിക്കിണര്‍ ചെളി കോരി വൃത്തിയാക്കിയിരുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ വെള്ളത്തിന് നിറം മാറ്റം കണ്ടു. ഈ സാഹചര്യത്തിലാണ് നവീകരണം. ചെളി കോരി നെല്ലിപ്പടി നവീകരിക്കും. കരിങ്കല്ലു കൊണ്ടു കെട്ടിയ കിണറില്‍ കളിമണ്‍ റിങുകള്‍ സ്ഥാപിക്കും. ഇടയില്‍ പുഴ മണല്‍, ചെറിയ മെറ്റല്‍, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്ക്കും.
നാലമ്പലത്തിനകത്തെ മഴ വെള്ളം ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചുവിടും. നാലമ്പലത്തിലെ ഓവുകള്‍ക്ക് പകരം പൈപ്പും സ്ഥാപിക്കും. 30 ലക്ഷത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വഴിപാടായി നടത്തുന്നത് ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ എന്‍ജിനീയര്‍ ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് നവീകരണം. രണ്ടാഴ്ചയ്ക്കുള്ളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.

Advertisement