2023 മെയ് 9 ചൊവ്വ
BREAKING NEWS
👉 സെക്രട്ടറിയറ്റിൽ നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിൽ മന്ത്രി പി.രാജീവിൻ്റെ ഓഫീസിന് സമീപം തീപിടുത്തം.
👉 മൂന്നാം നിലയിലുണ്ടായ തീ ഫയർഫോഴ്സ് എത്തി അണച്ചു.
👉ബംഗാൾ ഉൾക്കടലിൽ
ന്യൂനമർദ്ദം മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നു നാളെ കേരളത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത
👉 കോഴിക്കോട് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
👉അരി കൊമ്പൻ തമിഴ്നാട് വനമേഖലയിൽ നിന്ന് പെരിയാർ സങ്കേതത്തിലേക്ക് നീങ്ങുന്നതായി സൂചന
🌴കേരളീയം🌴
🙏കോണ്‍ഗ്രസ് ദ്വിദിന നേതൃസംഗമം ഇന്നും നാളേയും വയനാട്ടില്‍. ഒരു വര്‍ഷത്തെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

🙏താനൂരില്‍ 22 പേരുടെ മരണത്തിനിയാക്കിയ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസര്‍ അറസ്റ്റില്‍. കോഴികോടുനിന്നാണ് നാസറിനെ അറസ്റ്റു ചെയ്തത്. നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടിയിരുന്നു.
🙏താനൂര്‍ ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നടത്തുന്ന അന്വേഷണത്തിനു 14 അംഗ പ്രത്യേക സംഘത്ത നിയോഗിച്ചു. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി മേല്‍നോട്ടം വഹിക്കും. ബോട്ടപകടം നടന്ന സ്ഥലത്ത് ദേശീയ ദ്രുതകര്‍മസേന ഇന്നും തെരച്ചില്‍ തുടരും.
🙏താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്തു ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
🙏താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരുടെ കുടുംബങ്ങള്‍ക്ക് 2018 സിനിമാ നിര്‍മാതാക്കള്‍ ലക്ഷം രൂപയുടെ ധനസഹായം നല്‍കും. 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയാണ് 2018. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

🙏ബോട്ടു ദുരന്തത്തില്‍ 11 പേര്‍ മരിച്ച കുടുംബത്തിലെ ഉറ്റവര്‍ക്കു വീടു നിര്‍മിച്ചു നല്‍കുമെന്ന് മുസ്ലിംലീഗ്. പരപ്പനങ്ങാടി പുത്തന്‍കടപുറത്തെ കുന്നുമ്മല്‍ അബൂബക്കറിന്റെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുക. താനൂര്‍ ഓലപ്പീടികയില്‍ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തില്‍ നഷ്ടപ്പെട്ട ജുനൈദ് (15), ഫാതിമ റജുവ (7) എന്നിവരുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ മുസ്ലിം ലീഗ് വഹിക്കും.
🙏നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടൂറിസ്റ്റ് – ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാന്‍ഡ് വെസല്‍ ആക്റ്റ് പ്രകാരമാണ്.
🙏ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റും സഹിതമുള്ള മഴക്കു സാധ്യത.
🙏ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രീ പ്രൈമറി അധ്യാപകര്‍ നടത്തി വന്ന സമരം മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അവസാനിപ്പിച്ചു. ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കുമെന്നും മന്ത്രി പറഞ്ഞെന്നാണു റിപ്പോര്‍ട്ട്.
🙏കൂടത്തായി കൂട്ടക്കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. റോയ് തോമസ് വധക്കേസിലെ 156 -ാം സാക്ഷി അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. വില്‍പത്രം ജോളി തന്നെ കാണിച്ചെന്നു പോലീസ് രേഖപ്പെടുത്തിയിരുന്ന മൊഴിയാണു മറ്റിപ്പറഞ്ഞത്.

🙏വന്ദേ ഭാരത് എക്സ്പ്രസിനുനേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്താണ് കല്ലേറുണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം.
🙏നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവിഭാഗം വിജിലന്‍സ് സംഘം പരിശോധന നടത്തി. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും ചികിത്സ പിഴവുകളുണ്ടെന്നും നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
🙏ആലപ്പുഴ മാന്നാറില്‍ ഉത്സവത്തിലെ കൂട്ടത്തല്ലിനിടെ എസ്ഐയുടെ തലക്ക് അടിയേറ്റു. എസ് ഐ ബിജുക്കുട്ടനാണ് പരിക്കേറ്റത്. നാടന്‍പാട്ടിനിടെ അടിപിടിയുണ്ടാക്കിയവരെ പിടിച്ചു മാറ്റുന്നതിനിടെ പിറകില്‍ നിന്ന് തലക്കടിക്കുകയായിരുന്നു.
🙏പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. കേരള – കര്‍ണാടക അതിര്‍ത്തിയായ കേന്യയിലെ കുമാരധാര പുഴയിലാണ് അപകടം ഉണ്ടായത്. സഹോദരികളായ ഹംസിത (15 ), ഹവന്ദിക (11) എന്നിവരാണ് മരിച്ചത്.
🙏ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്റെയും സുനിതയുടെയും മകന്‍ സാരംഗ് ആണ് മരിച്ചത്.
🙏ശരീരത്തിലേക്ക് കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെതുടര്‍ന്ന് അതിഥി തൊഴിലാളി മരിച്ചു. കുറുപ്പുംപടി മലമുറി മറിയം പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന ആസാം സ്വദേശി മിന്റു ചൗമയാണ് കൊല്ലപ്പെട്ടത്.
സുഹൃത്ത് സിദ്ധാര്‍ത്ഥ ചുമ്മായെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു.
🙏വയനാട്ടില്‍ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതിന് പനവല്ലി സ്വദേശിയായ പ്രതി അജീഷിനെ അറസ്റ്റു ചെയ്തു. പരിക്കേറ്റ യുവതി മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ദേശീയം
🙏ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം വരുന്നു. ഡീസല്‍ ഇന്ധനമാക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളും 2027 ല്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനീകരണം കൂടുതലുള്ള നഗരങ്ങളിലും ഇലക്ട്രിക്, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
🙏സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ എതിര്‍പ്പ് അടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി.
🙏മണിപ്പൂര്‍ കലാപത്തില്‍ 60 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. 231 പേര്‍ക്ക് പരിക്കേറ്റു. 1700 വീടുകള്‍ തീവച്ചുു നശിപ്പിച്ചു. പുനരധിവാസ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേന്‍ സിംഗ്. മണിപ്പൂര്‍ ശാന്തമായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ദുരിതാശ്വാസവും പുനരധിവാസവും കാര്യക്ഷമമാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
🙏മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിക്കുകയാണെന്ന് ബംഗളൂരു ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റൈ പിന്തുണയോടെ സംഘപരിവാര്‍ സംഘങ്ങളാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ഇരയാകുന്നവരെ പ്രതികളാക്കിയാണു പോലീസ് കേസെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന ആയിരത്തിലേറെ അക്രമങ്ങള്‍ ആസൂത്രിതമാണ്. 2021 ല്‍ 505 ആക്രമണങ്ങളും, 2022ല്‍ 598 ആക്രമണങ്ങളും ഉണ്ടായി.
🙏കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൊട്ടിക്കലാശം. നാളെയാണു വോട്ടെടുപ്പ്. നാളെ അര്‍ധരാത്രിവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ 13 നും മദ്യനിരോധനമാണ്. ബാറുകളിലും മദ്യം വിളമ്പില്ല.
🙏ദ കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രദര്‍ശനാനുമതി നല്‍കിയ കേരള സര്‍ക്കാരും സിപിഎമ്മും ബിജെപിയെ സഹായിക്കുകയാണെന്ന് മമത ആരോപിച്ചു.
🙏തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരില്‍ അഴിച്ചുപണി വരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും എതിരേ സംസാരിച്ചതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കേ, ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കുമെന്നാണു സൂചന.
🙏പാപ്പരായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിംഗും വില്‍പനയും നിര്‍ത്തണമെന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു. 15 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
🙏തമിഴ്നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ മനീഷ് കശ്യപിനെതിരായ കേസുകള്‍ ഒന്നിച്ചാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ബീഹാര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഒന്നിച്ചാക്കണമെന്ന ആവശ്യമാണ് തള്ളിയത്.
🙏പ്രസംഗത്തിനിടെ വിവര്‍ത്തകനെ മാറ്റി പ്രധാനമന്ത്രി മോദി. കര്‍ണാടക നഞ്ചന്‍ഗുഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലണു ഹിന്ദി പ്രസംഗം കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്ന മുന്‍ ബിജെപി എംഎല്‍സി ജി മധുസൂദനനെ ഒഴിവാക്കിയത്. ഹിന്ദി പ്രസംഗത്തിന് പ്രതികരണമുള്ളതിനാല്‍ വിവര്‍ത്തനം ആവശ്യമില്ലെന്നു പറഞ്ഞ മോദി ‘നിങ്ങളാണ് എന്റെ യജമാനന്മാര്‍. നിങ്ങള്‍ പറയുന്നതുപോലെ ഞാന്‍ ചെയ്യും’ എന്നും പറഞ്ഞു.
🙏ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി. കൃഷ്ണയ്യ 1994 ല്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന മുന്‍ എം.പി. ആനന്ദ് മോഹന്‍ സിംഗ് അടക്കം 27 പേരെ മോചിപ്പിച്ച ബീഹാര്‍ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജയില്‍ മാനുവലില്‍ ഭേദഗതി വരുത്തിയാണ് തടവുകാരെ മോചിപ്പിച്ചത്.
കായികം
🙏ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സ്
വിജലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് കൊല്‍ക്കത്ത മറികടന്നത്.
🙏ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. അര്‍ജന്റീന ഫുട്ബോള്‍ ടീമിനാണ് ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം. അതേസമയം രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസി പിഎസ്ജി യുടെ പരിശീലന സെഷനില്‍ മടങ്ങിയെത്തി. വിലക്കേര്‍പ്പെടുത്തി ആറ് ദിവസം പിന്നിടുമ്പോഴാണ് മെസ്സി ഇപ്പോള്‍ ക്ലബ്ബിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മെസ്സിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ക്ലബ്ബ് പിന്‍വലിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.