പാട്ടവിലയ്ക്ക് വാങ്ങിയ മല്‍സ്യബന്ധനബോട്ട് ടൂറിസ്റ്റ് വള്ളമാക്കിമാറ്റുക,എന്നിട്ട് താങ്ങാവുന്നതിലേറെ ആളെ കുത്തിനിറച്ച് ചുറ്റി അടിക്കുക നാസര്‍ പാവങ്ങളുടെ ജീവന്‍ പന്താടിയത് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്

Advertisement

മലപ്പുറം. താനൂർ തൂവൽ തീരം ബോട്ട് അപകടം അധികൃതരുടെ അനാസ്ഥയുടെ നേര്‍സാക്ഷ്യമാണ്.പാട്ടവിലയ്ക്ക് വാങ്ങിയ മല്‍സ്യബന്ധനബോട്ട് ടൂറിസ്റ്റ് വള്ളമാക്കിമാറ്റുക,എന്നിട്ട് താങ്ങാവുന്നതിലേറെ ആളെ കുത്തിനിറച്ച് ചുറ്റി അടിക്കുക. നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി, സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിച്ചാണ് അറ്റ്ലാൻ്റ് എന്ന ബോട്ട് സർവ്വീസ് നടത്തിയിരുന്നത്.ബോട്ട് ഉടമ പി നാസർ തൻ്റെ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കഴിഞ്ഞ ഒരു മാസക്കാലമായി നിയമ ലംഘനങ്ങൾ നടത്തിയത്.പ്രതിയായ നാസർ ഒളിവിലാണ്. കൊച്ചിയില്‍ നിന്നും നാസറിന്‍റെ സഹോദരനെയും ബന്ധുവിനെയും പൊലീസ് പിടികൂടി. ഇയാള്‍ അഭിഭാഷകരെ കാണാനെത്തിയെന്നാണ് കരുതുന്നത്.

അറ്റ്ലാൻ്റ എന്ന ബോട്ട് പ്രവർത്തനം ആരംഭിച്ച കാലം മുതൽ ബോട്ടിനെതിരെ നാട്ടുകാർ പരാതി നൽകിയതാണ്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള പി.നാസറിന് മുന്നിൽ എന്നാൽ സർക്കാർ സംവിധാനങ്ങൾ ഒന്നാകെ കണ്ണടച്ചു.ബോട്ടിന് ലൈസൻസോ, ഫിറ്റ്നസോ ഉണ്ടായിരുന്നില്ല. കൂടാതെ മാന്വൽ അനുസരിച്ചല്ല ബോട്ടിൻ്റെ നിർമ്മാണം. മൽസ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് രൂപമാറ്റം നടത്തിയാണ് ഉപയോഗിച്ചിരുന്നത്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ബോട്ടിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമാണ്. 20 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കുത്തി കയറ്റി. ആറേകാലിന് അവസാനിപ്പിക്കേണ്ട സർവ്വീസ് എഴേകാൽ വരെ തുടർന്നു.

ഭാരംമൂലം ചരിഞ്ഞ ബോട്ടിലെ ആള്‍ക്കാര്‍ ഒരു വശത്തേക്കു വീണു അതോടെ ആ വശത്തേക്ക് ബോട്ട്പാടേ ചരിയുകയും കമിഴ്ന്നുമുങ്ങുകയുമായിരുന്നു. ഭാരം താങ്ങാനാകാതെ ബോട്ട് തലകീഴായി മറിഞ്ഞു.ബോട്ട് ഉടമ നാസറിന് എതിരെ പോലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ ഇയാൾ ഒളിവിലാണ്.
ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.താനൂർ സ്റ്റേഷന് എതിർ വശത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. 

Advertisement