പാലക്കാട്: സാഹിത്യകാരൻ വടക്കേക്കൂട്ടാല നാരായണൻകുട്ടി നായരുടെ (വി.കെ.എൻ.) ഭാര്യ പുതിയങ്കം മേതിൽ കുടുംബാംഗമായ വേദവതി അമ്മ (90) ഓർമ്മയായി.
വി.കെ.എന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമകളും സ്മാരകത്തിനായുള്ള പരിശ്രമവുമായാണ് അവസാനശ്വാസം വരെ വേദവതി കഴിഞ്ഞത്.സംസക്കാരം നടത്തി.
മക്കൾ: രഞ്ജന, പരേതനായ ബാലചന്ദ്രൻ.
മരുമക്കൾ: പരേതനായ കൃഷ്ണകുമാർ (ആർമി എൻജിനീയർ), രമ (വി.കെ.എൻ. സ്മാരകം.
കെയർ ടേക്കർ)
തിരുവില്വാമല വടക്കേക്കൂട്ടാലയിലെ വീട്ടിൽ ഹാസ്യസമ്രാട്ട് വി.കെ.എൻ. ആയിരുന്നുവെങ്കിൽ പ്രസാദസുന്ദരമുഖമായിരുന്നു വേദവതി. വി.കെ.എന്റെ ആരാധകരെയും സുഹൃത്തുക്കളെയും സ്നേഹത്തോടെ ഊട്ടിയിരുന്നു വേദവതി. എത്ര അവാർഡും ശമ്പളവും കിട്ടിയാലും ആ പൈസയ്ക്ക് പുസ്തകവും വാങ്ങിക്കൊണ്ടുവന്ന് വായിച്ചിരിക്കുന്ന വി.കെ.എന്നെപ്പറ്റി അഭിമാനത്തോടെ വേദവതി പറയുമായിരുന്നു. ‘വേദേ’ എന്നാണ് വി.കെ.എൻ. വിളിച്ചിരുന്നത്.
എഴുത്തുകാർക്കും കലാകാരന്മാർക്കും പേരുകേട്ട പാലക്കാട് പുതിയങ്കം മേതിൽ തറവാട്ടുകാരിയായിരുന്നു വേദവതി. 19-ാം വയസ്സിൽ തലശ്ശേരിയിൽ ഉദ്യോഗവുമായെത്തിയ നാരായണൻകുട്ടി, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ കോടോത്ത് ചന്ദ്രൻ നമ്പ്യാരുടെ ഒപ്പിനുവേണ്ടി ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മൂത്ത മകളായ വേദവതിയെ കാണുന്നത്. വേദയുടെ മതിപ്പ് പിടിച്ചുപറ്റാനായി ഇംഗ്ലീഷ് കവിതകളെഴുതി വായിച്ച് അഭിപ്രായം പറയാനേൽപ്പിച്ചു.
കുറേയായിട്ടും സംഭാഷണത്തിൽ അതൊന്നും പരാമർശിക്കാതായതോടെ എഴുത്തുകാരന് ആധിയായി. നേരിട്ട് അതേക്കുറിച്ച് ചോദിക്കാൻ നിശ്ചയിച്ചു. പാട്ടും കളിയുമൊക്കെയുണ്ടെന്ന് അച്ഛൻ പറഞ്ഞെന്നാണ് മറുപടി. അപ്പോഴാണ് എഴുത്തുകാരന് കഥ വ്യക്തമാകുന്നത്. അന്നേവരെ അയച്ചതെല്ലാം വായിച്ചിരുന്നത് അച്ഛനാണ്. അതിന് പ്രയോജനവുമുണ്ടായി. പുതുതായി ഉദ്യോഗത്തിനെത്തിയ യുവാവ് എഴുത്തും വായനയുമൊക്കെയുള്ളയാളാണെന്ന് അദ്ദേഹം നാട്ടിൽ പാട്ടാക്കി. 1954 ഫെബ്രുവരി 11-ന് ഗുരുവായൂരിൽവെച്ച് രാത്രികല്യാണമായിരുന്നു ഇവരുടേത്.
വി.കെ.എന്റെ ഓർമയ്ക്കായി സ്മാരകം ഒരുക്കാനും മുന്നിൽനിന്നിരുന്നു അവർ. മരിച്ച് 19-ാം വർഷം തികഞ്ഞ ഇക്കൊല്ലവും വീട്ടുമുറ്റത്തെ അദ്ദേഹത്തിന്റെ സ്മാരകത്തിനായി സർക്കാർ പ്രഖ്യാപിച്ചവയൊന്നും കിട്ടിയില്ലെന്ന വേദനയുണ്ടായിരുന്നു.
വി.കെ.എൻ. അന്തരിച്ചശേഷവും അദ്ദേഹത്തെ അറിയുന്നവരെല്ലാം അവരെ കാണാൻ തിരുവില്വാമലയിൽ എത്തിയിരുന്നു. മോരൂട്ടാനും ചിരിയും കൊണ്ട് എല്ലാവരുടെയും ഹൃദയം കവർന്ന വേദവതി, എഴുത്തുകാരന്റെ അത്ര എളുപ്പമല്ലാത്ത സഞ്ചാരത്തിനൊപ്പമാണ് കടന്നുപോന്നത്. വേദവതി യാത്രയാകുന്നതോടെ പ്രസാദാത്മകമായ ആ ചിരിയാണ് മറയുന്നത്.
Home News Breaking News ചിരിയൂട്ടിയ എഴുത്തുകാരനൊപ്പം വിരുന്നൂട്ടിയ വേദവതി;വി.കെ.എന്നിന്റെ ഭാര്യ ഓർമ്മയായി