2023 മെയ് 6 ശനി
കേരളീയം
🙏മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ 30 വരെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മെയ് 15 ന് സര്‍വീസ് നടത്താനിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ്സ് റദ്ദാക്കി.
🙏കൊല്ലം – എറണാകുളം സ്പെഷ്യല്‍ മെമു ഭാഗികമായി റദ്ദാക്കി. മേയ് 15 ന് നിലമ്പൂര്‍ – കോട്ടയം ട്രെയിന്‍ അങ്കമാലി വരെ മാത്രമാക്കി. മേയ് എട്ടിനും 15 നും കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമാക്കി. മേയ് എട്ടിനും 15 നും തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ. മേയ് ഒമ്പതിനും 16 നും ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. മേയ് എട്ടിനും 15 നും പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് കോട്ടയം വരെ മാത്രമാണ് സര്‍വീസ് നടത്തുക. മേയ് 15 ന് തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
🙏ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട പ്രധാന രേഖ ഇന്നു പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്തെ എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്നിടത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ
ബന്ധുക്കളുടെ കൈയിലാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍ പുറത്തുവരും.
🙏കാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്തെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണുള്ളത്. മന്ത്രി പറഞ്ഞു.
🙏എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അഴിമതിയില്‍ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം പുറത്തുവന്നിരിക്കേ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഉറപ്പിക്കാമെന്നും സുരേന്ദ്രന്‍.
🙏മലമ്പുഴ ഡാം പരിസരത്തെ ജനവാസ മേഖലയില്‍ ഭീഷണിയായി ടസ്‌ക്കര്‍ പതിനാലാമന്‍. പാലക്കാട് ടസ്‌ക്കര്‍ പതിനാലാമന്‍ എന്ന പി ടി 14 മദപ്പാടോടെയാണ് എത്തിയതെന്നാണ് വിവരം.
🙏കേരള തമിഴ്നാട് അതിര്‍ത്തിയില്‍ അരിക്കൊമ്പന്റെ വിളയാട്ടം. ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിലെ വീട് തകര്‍ത്ത് അരി തിന്നത് അരിക്കൊമ്പനെന്ന് സംശയം. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകര്‍ത്തത്.
ദേശീയം
🙏മണിപ്പൂര്‍ കത്തിയെരിയുന്നു. കലാപങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കണ്ടാലുടന്‍ വെടിയുമായാണ് സൈന്യത്തിന്റെ മുന്നേറ്റം. ആരാധനാലയങ്ങളും വീടുകളും അടക്കമുള്ളവ കത്തിച്ചു. കലാപബാധിത മേഖലകളിലെ പന്തീരായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
🙏ജമ്മു കാഷ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് ഇന്ത്യന്‍ സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്നു വ്യക്തമല്ല.
🙏എന്‍സിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച ശരത് പവാര്‍ രാജി പിന്‍വലിച്ചു. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ നിയോഗിച്ച പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി സമ്മര്‍ദം ചെലുത്തിയതോടെയാണ് രാജി പിന്‍വലിച്ചത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പാര്‍ലമെന്റു തെരഞ്ഞെടുപ്പു വരെയെങ്കിലും തുടരണമെന്ന് പവാറിനോട് ആവശ്യപ്പെട്ടിരുന്നു.
🙏കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ വന്‍കിട രാജ്യങ്ങള്‍ പോലും ശ്രമിക്കാതിരുന്നപ്പോള്‍ ഇന്ത്യ രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 3862 ഇന്ത്യാക്കാരെയാണ് ഓപറേഷന്‍ കാവേരി ദൗത്യത്തിലൂടെ ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇന്നലെ 47 പേരെ കൂടി പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ചു.
🙏പാക്കിസ്ഥാന്‍ ഭീകരവാദ വ്യവസായത്തിന്റെ കേന്ദ്രമാണെന്നും ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദത്തിനു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🙏ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ്
ഗോയലിന്റെ വീട്ടിലും ജെറ്റ് എയര്‍വെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. കാനറാ ബാങ്കില്‍നിന്നെടുത്ത വായ്പ വകമാറ്റി ചെലവാക്കി തിരിച്ചടവു
മുടക്കിയതു സംബന്ധിച്ച പരാതിയിലാണ് അന്വേഷണം.
അന്തർ ദേശീയം
🙏ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം ഇന്നു 11 ന്. ലോകരാഷ്ട്രങ്ങളിലെ നേതാക്കള്‍ അടക്കം 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് കിരീടധാരണം. 70 വര്‍ഷത്തിനുശേഷമാണു ബ്രിട്ടനില്‍ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത്.
🙏സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പിടികൂടിയ 600 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കും. പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഈ തീരുമാനം.
🙏യുക്രെയിന്റെ പതാക തട്ടിപ്പറിച്ചെടുത്ത റഷ്യന്‍ നയതന്ത്ര പ്രതിനിധിക്കു യുക്രെയിന്റെ നയതന്ത്ര പ്രതിനിധിയുടെ വക അടി. അന്താരാഷ്ട്ര വേദിയിലെ ഡിപ്ലോമാറ്റിക് അടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ‘ബ്ലാക്ക് സീ ഇക്കോണമിക് കമ്മ്യൂണിറ്റി’യുടെ കോണ്‍ഫറന്‍സിലാണ് അടിപൊട്ടിയത്.
🙏ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിന്‍വലിച്ചു. മൂന്നര വര്‍ഷം മുമ്പു പടര്‍ന്നു പിടിച്ച കോവിഡ് വ്യാപനം കുറഞ്ഞതിനാലാണ് നടപടി.
കായികം
…
🙏ദോഹ ഡയമണ്ട് ലീഗില്‍ ജേതാവായി ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര. 8 മാസത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ നീരജ് സീസണില്‍ തന്റെ ആദ്യ ചാംപ്യന്‍ഷിപ്പായ ദോഹ ഡയമണ്ട് ലീഗിലാണ് ജേതാവായത്. പുരുഷ ജാവലിന്‍ത്രോയില്‍ 88.67 മീറ്റര്‍ എറിഞ്ഞിട്ട നീരജ് ഈ സീസണിലെ ലോകത്തെ മികച്ച പ്രകടനവുമായാണ് ദോഹയില്‍ തിളങ്ങിയത്.
🙏ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റിന്റെ നാണം കെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 17.5 ഓവറില്‍ 118 റണ്‍സ് മാത്രം എടുക്കാനേ സാധിച്ചുള്ളു. രാജസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. ഈ ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രാജസ്ഥാന്റെ നാലാം തോല്‍വിയാണിത്.
🙏ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി യുടെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി. മുന്‍കൂട്ടി നിശ്ചയിച്ച യാത്ര ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലെന്നും സഹതാരങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയില്‍ മെസി വ്യക്തമാക്കി.