കറന്റ് ബിൽ കുത്തനെ കൂടും

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ കനത്തതിനൊപ്പം വൈദ്യുതി ഉപയോഗം കൂടിയതിന്റെ ആശങ്കയിലാണു കെഎസ്ഇബി. രണ്ടാമത്തെ പീക്ക് അവറുകളിലെ വൈദ്യുതി ഉപയോഗമാണു കെഎസ്ഇബിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. വൈകിട്ട് ആറു മുതൽ രാത്രി 8.30 വരെയാണ് പീക്ക് അവറായി (വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയം) കരുതിയിരുന്നത്. ഇപ്പോൾ രാത്രി 8.30 മുതൽ 11 വരെ രണ്ടാം പീക്ക് അവറായി കണക്കാക്കുന്നുണ്ട്.

ഈ വേനൽക്കാലത്ത് രണ്ടാം പീക്ക് അവറിലാണു വൈദ്യുതി ഉപയോഗത്തിൽ വലിയ വർധന. പ്രതിസന്ധി അതിജീവിക്കാൻ ആറു മുതൽ 10 രൂപ വരെ യൂണിറ്റിന് ചെലവഴിച്ചാണ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത്. ഉപയോഗം വർധിച്ചതിനാൽ അടുത്തമാസത്തെ വൈദ്യുതി ബിൽ കുത്തനെ കൂടിയേക്കും. അധികവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാൽ വൈദ്യുതി ചാർജും ഉയരാൻ സാധ്യതയുണ്ട്.

തിങ്കളാഴ്ച 100.358 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. കഴിഞ്ഞവർഷം 97 ദശലക്ഷം യൂണിറ്റായിരുന്നു റെക്കോർഡ്. ഈ മാസം 13നും ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. 13ന് രാവിലെ 3,824 മെഗാവാട്ടായിരുന്നു ഉപയോഗമെങ്കിൽ വൈകിട്ട് 4,903 മെഗാവാട്ടായിരുന്നു ഉപയോഗിച്ചത്. 1,079 മെഗാവാട്ടിന്റെ വ്യത്യാസം. ജലവൈദ്യുതി പദ്ധതികളിൽനിന്നുള്ള ഉൽപ്പാദനം പീക്ക് അവറുകളിൽ വർധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി വാങ്ങിയുമാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്.

പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയ്ക്ക് കുറവില്ല. പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങേണ്ട അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പ്രതിദിന ഉപയോഗം വരുംദിവസങ്ങളിൽ 5,000 മെഗാവാട്ടിലെത്തുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. മഴ ലഭിച്ചില്ലെങ്കിൽ ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടാകാം. രാജ്യവ്യാപകമായുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദേശവും കാരണം താപവൈദ്യുതിക്ക് വില വളരെ കൂടുതലാണ്.

കെഎസ്ഇബിയുടെ ജലസംഭരണികളിൽ വെള്ളം കുറയുകയാണ്. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് ഇപ്പോൾ. ജലവൈദ്യുത പദ്ധതികളിൽനിന്നുള്ള പ്രതിദിന ഉൽപ്പാദനം 28.638 ദശലക്ഷം യൂണിറ്റാണ്. ശേഷിക്കുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നു. ഇടുക്കിയിൽനിന്ന് 14.01 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽനിന്ന് 5.7 ദശലക്ഷം യൂണിറ്റും പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നുണ്ട്. ആകെ സംഭരണശേഷിയുടെ 35 ശതമാനം വെള്ളമാണ് ഇടുക്കിയിലുള്ളത്. മറ്റുള്ള സംഭരണികളിലും വെള്ളം കുറയുകയാണ്.

ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിങ് മെഷീൻ, ഇൻഡക്‌ഷൻ സ്റ്റൗ തുടങ്ങി വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകിട്ട് ആറു മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതിലൂടെ ഈ പ്രതിസന്ധി നേരിടാൻ കഴിയുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11നു ശേഷമോ ആക്കി ക്രമീകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.

Advertisement