സോഷ്യൽ മീഡിയയിലൂടെ വിവാഹ വാഗ്ദാനം നൽകി പണം തട്ടി,ചടയമംഗലം സ്വദേശിനിയും സുഹൃത്തും പിടിയില്‍

Advertisement

ആലപ്പുഴ.സോഷ്യൽ മീഡിയയിലൂടെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ നാൽപ്പത്തൊന്നുകാരിയായ വീട്ടമ്മയും 34കാരനായ സുഹൃത്തും കുറത്തികാട് പോലീസിൻ്റെ പിടിയിലായി. ചടയമംഗലം മണലയം ബിന്ദു വിലാസത്തിൽ ബിന്ദു, ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ് എന്നിവരാണ് പിടിയിലായത്

മാവേലിക്കര വാത്തികുളങ്ങര സ്വദേശിയിൽ നിന്നും കാർഡിയോളജി എം.ഡി വിദ്യാർത്ഥിനിയാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്താക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകിയ ശേഷം പഠനത്തിൻ്റെ ആവശ്യത്തിനെന്ന് പറഞ്ഞുമാണു ബിന്ദു അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. കോട്ടയം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപയും ഇവർ സമാന രീതിയിൽ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊല്ലം സൈബർ സ്റ്റേഷനിൽ എത്തിയ ബിന്ദുവിനെയും സുഹൃത്തിനേയും കുറത്തികാട് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ബിന്ദുവിൻ്റെ മകൻ മിഥുൻ മോഹൻ പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നതായും പോലീസ് അറിയിച്ചു. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ബിന്ദു മകനും സുഹൃത്തുമായി ചേർന്ന് സമാന രീതിയിലുളള തട്ടിപ്പുകൾ നടത്തി വരികയായിരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി. എം കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement