‘ബിജെപിക്ക് എന്റെ എംപി സ്ഥാനം എടുത്തുമാറ്റാൻ സാധിച്ചേക്കും; വയനാടിന്റെ പ്രതിനിധിയായി തുടരും’ ; രാഹുൽ

കൽപറ്റ: എംപി സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം സുദൃഢമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോഗ്യതാ നടപടി നേരിട്ടശേഷം ആദ്യമായി കൽപറ്റയിൽ സംഘടിപ്പിച്ച ‘സത്യമേവ ജയതേ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗതം അദാനിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

‘‘ഞാൻ കേരളത്തിൽ നിന്നുള്ള ആളല്ല. എന്നാൽ നിങ്ങൾ നൽകിയ സ്നേഹം എന്നെ നിങ്ങളുടെ കുടുംബാംഗമായി മാറ്റി. എംപി എന്നത് ഒരു സ്ഥാനം മാത്രമാണ്. ബിജെപിക്ക് ആ സ്ഥാനം എടുത്തുമാറ്റാൻ സാധിച്ചേക്കും. എന്റെ വീട് എടുത്തുമാറ്റാൻ സാധിച്ചേക്കും. എന്നെ ജയിലിൽ അടയ്ക്കാൻ സാധിച്ചേക്കും. എന്നാൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് തടയാൻ അവർക്ക് സാധിക്കില്ല. ബഫർ സോൺ, മെഡിക്കൽ കോളജ്, രാത്രിയാത്രാ നിരോധനം എന്നിവയെല്ലാം ഉയർത്തിക്കൊണ്ടുവരാൻ ‍ശ്രമിച്ചു. വയനാട്ടിലെയും ഇന്ത്യയിലെയും ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വതന്ത്രമായ രാജ്യത്ത് ജീവിക്കാനാണ്.

‘‘നിരവധി വർഷമായി ബിജെപിക്കെതിരെ പോരാട്ടം നടത്തുകയാണ്. ഞാൻ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാൽ ഞാൻ ഭയക്കുമെന്നാണ് അവർ കരുതുന്നത്. എന്റെ വീട് പിടിച്ചെടുത്താൽ എന്നെ ആശങ്കപ്പെടുത്താൻ സാധിക്കുമെന്ന് അവർ കരുതി. വയനാട്ടിൽ ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെട്ടു. പ്രളയം വന്നപ്പോൾ കേരളത്തിലെ നിരവധി ആളുകളുടെ വീട് നഷ്ടപ്പെട്ടു. അതുകൊണ്ട് വീട് നഷ്ടപ്പെടുന്നത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല.

‘‘രണ്ട് കാഴ്ചപ്പാടുകളുടെ പോരാട്ടമാണ് നടക്കുന്നത്. വയനാടിനോടുള്ള ബന്ധം എല്ലാക്കാലവും നിലനിൽക്കും. പാർലമെന്റിൽ ഒരു ബിസിനസുകാരനെക്കുറിച്ചു ചോദിച്ചു. അവർ മറുപടി നൽകിയില്ല. എന്നെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് രണ്ട് കത്തുകൾ അയച്ചു. എന്തുകൊണ്ടാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതെന്ന് സ്പീക്കറോട് ഓഫിസിൽ നേരിട്ടെത്തി ചോദിച്ചു. എനിക്ക് മറ്റു മാർഗമില്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വരൂ ചായ കൂടിക്കൂ കാര്യങ്ങൾ ഞാൻ വിശദീകരിക്കാം എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗത്വം ഇല്ലാതായത് വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തില്ല. ഏതു പാർട്ടിയിലുള്ള ആളായാലും മുന്നണിയിലുള്ള ആളായാലും നമ്മൾ തമ്മിലുള്ള ബന്ധം ദൃഢമായിരിക്കും.–രാഹുൽ പറഞ്ഞു.

വയനാട്ടുകാർക്ക് മറ്റാരെക്കാളും നന്നായി രാഹുൽ ഗാന്ധിയെ മനസ്സിലാക്കാൻ സാധിച്ചെന്നു സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുൽ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു. ചോദ്യം ചോദിക്കുക എന്നത് ജനപ്രതിനിധിയുടെ കടമയാണ്. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

‘‘നാളെ വയനാട്ടിലേക്ക് പോകുകയല്ലേ, എനിക്ക് അത്ര പ്രാവീണ്യത്തോടെ സംസാരിക്കാൻ സാധിക്കില്ലെന്ന് രാഹുലിനോട് പറഞ്ഞു. എന്നാൽ കുടുംബത്തോട് സംസാരിക്കുന്നതുപോലെ ലളിതമായി സംസാരിക്കാനാകുമെന്നാണു രാഹുൽ പഞ്ഞത്. അതുകൊണ്ട് കുടുംബത്തോട് സംസാരിക്കുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്.

കോൺഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുടെ പ്രശ്നം ഉയർത്തിപ്പിടിച്ചു വരികയാണെന്ന് ബിജെപി മന്ത്രിമാർ പറഞ്ഞു. എന്നാൽ ഒരു വ്യക്തിയുടെ സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവൻ രംഗത്തുവന്നിരിക്കുന്നു. അത് ഗൗതം അദാനിയാണ്. ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുന്നു. ദിനംപ്രതി കോടികൾ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് വേണ്ടി നിലകൊള്ളാൻ സർക്കാർ തയാറാകുന്നില്ല’’– പ്രിയങ്ക പറഞ്ഞു.

മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിക്ക് പിന്നിലുണ്ടെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സ്വതന്ത്ര ഭാരതത്തിൽ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണ്. അതിനെതിരെ പോരാടുകയാണ് രാഹുൽ. അതിന് ശക്തി പകരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിലാണു രാഹുലും പ്രിയങ്കയും കൽപറ്റയിലെത്തിയത്. എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചെറുവയൽ രാമൻ, കൽപറ്റ നാരായണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോയ് മാത്യു തുടങ്ങിയവരെ രാഹുൽ ആദരിച്ചു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement