ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

കൊടുവള്ളി (കോഴിക്കോട്)∙ ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. വയനാട് തരുവണ സ്വദേശി ഉമറുൽ മുക്താർ (23) ആണ് കൊടുവള്ളിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

കൊടുവള്ളി സ്വദേശിനിയായ യുവതിയോട് ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്ഥാപിച്ച് ഒരു പവനിലധികം തൂക്കം വരുന്ന സ്വർണാഭരണം കവർച്ച ചെയ്തു മുങ്ങിയ കേസിലാണ് പ്രതിയെ പിടികൂടിയത്.

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുടെ സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടർന്ന് സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തുന്നയാളുകളെ കേന്ദ്രീകരിച്ച് കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പലരും മാനഹാനി മൂലം പരാതി നൽകിയില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹൻ പറഞ്ഞു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ് അരീക്കര, ബേബി മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ലിനീഷ്, സിവിൽ പോലീസ് ഓഫീസർ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ ജിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement