കോൺഗ്രസിനെ അപഹസിച്ച് വീണ്ടും അനിൽ ആൻറണി; സ്മൃതി ഇറാനിക്ക് പിന്തുണ

തിരുവനന്തപുരം: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ ആന്റണി. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന് അനിൽ കുറിച്ചു.

ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിൻറെ ബിജെപി പ്രവേശനം കൂടുതൽ ചർച്ചയാവുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനൽ ചർച്ചയിൽ അനിൽ രൂക്ഷമായി വിമർശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയർന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനിൽ വിശേഷിപ്പിച്ചത്.

കോൺഗ്രസ് ഏതാനും ചിലരെ മാത്രം വളർത്തുന്നു. സ്മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോൺഗ്രസിൻറെ സ്ത്രീ ശാക്തീകരണമെന്നും അനിൽ ചോദിച്ചു. സമൂഹമാധ്യമത്തിൽ ശ്രീനിവാസിൻറെ പ്രസ്താവനയെ വിമർശിച്ച അനിൽ, കോൺഗ്രസ് നേതാക്കളെ സംസ്ക്കാരമില്ലാത്തവരെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താൽപര്യ സംരക്ഷണം മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്. ദേശീയ താൽപര്യത്തിനായി ആ പാർട്ടി ഒന്നും ചെയ്യുന്നില്ല. കർണാടകയിൽ മറ്റ് പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ ഏതാനും വ്യക്തികൾക്കായി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്, അനിൽ പറയുന്നു.

നേരത്തെ, രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയെക്കുറിച്ച്, ‘ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങൾക്കായി സമയം കളയാതെ രാജ്യത്തിൻറെ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ കോൺഗ്രസ് തയാറാവ’ണമെന്നായിരുന്നു അനിലിൻറെ ട്വീറ്റ്. രാഹുൽ ഗാന്ധി കേംബ്രിജ് സർവകലാശാലയിൽ നടത്തിയ പരാമർശങ്ങളെ വിമർശിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറിൻറെ പ്രസ്താവനയെയും സമൂഹമാധ്യമത്തിൽ അനിൽ പിന്തുണച്ചിരുന്നു. മുതിർന്ന നേതാവ് എ കെആന്റണിയുടെ മകനും കോൺ​ഗ്രസിന്റെ ഐടി സെൽ മുൻ മേധാവിയുമാണ് അനിൽ ആന്റണി

Advertisement