അയാള്‍ക്കും കുടുംബമില്ലേ, വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇതൊക്കെയങ്ങ് സഹിച്ചുകൂടേ, പീഡനത്തിനിരയായ യുവതിയോട് പീഡകന്‍റെ സഹപ്രവര്‍ത്തകരുടെ ചോദ്യം

കോഴിക്കോട്. പറ്റിപ്പോയി,അയാള്‍ക്കും കുടുംബമില്ലേ,പണം വേണമെങ്കില്‍ വാങ്ങിത്തരാം മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ സ്ത്രീയോട് ഒരു പറ്റം സത്രീകള്‍ നടത്തിയ സംഭാഷണമാണിത്. വിവാഹം കഴിഞ്ഞ ആളല്ലേ ഇതൊക്കെ അങ്ങ് സഹിക്കാവുന്നതല്ലേ എന്നും ചോദ്യമുണ്ട്. പിന്നെ ഭീഷണി വേറെ. അക്രമിയായ പുരുഷ സുഹൃത്തിനെ രക്ഷിക്കാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമം പുറത്തായതോടെ രോഗക്കിടക്കയിലെ പീഡനത്തേക്കാള്‍ വലിയ പീഡനമായി അത്.

ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. ഇവർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

അയാള്‍ക്കു കുടുംബമുണ്ടെന്ന് പീഡനത്തിന് മുമ്പ് അയാളല്ലേ ഓര്‍ക്കേണ്ടത്,സഹപ്രവര്‍ത്തകരാണെന്ന് കരുതി അവരും സ്ത്രീകളാണെന്ന് അവര്‍ ഓര്‍ക്കണം, പീഡനത്തിനിരയായ യുവതി പറയുന്നു. ഇതയാളുടെ പതിവ് വിക്രിയആയിരിക്കാം,അനസ്തീസിയക്ക് ശേഷം ശരിയായ ബോധത്തിലെത്താന്‍ ഏറെ നേരമെടുക്കുമെന്നത് മനസിലാക്കിയാണ് അക്രമിയുടെ പ്രവൃത്തി. കാരണം അത്രയും ബുദ്ധിപൂര്‍വമാണ് അയാളുടെ നീക്കങ്ങളെന്നും യുവതി പറയുന്നു.

വലിയ വിവാദമാകുകയും ആരോഗ്യവകുപ്പിനാകെ നാണക്കേടുണ്ടാക്കുകയും ചെയ്ത സംഭവത്തിലാണ് ജീവനക്കാര്‍ക്കെതിരായ കൂട്ട നടപടി. മെഡിക്കല്‍ കോളേജിലെ ജീവനക്കാരായ ആസ്യ, ഷൈനി ജോസ്, ഷൈമ പി ഇ, ഷലൂജ, പ്രസീത മനോളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ദീപയെന്ന താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തു. നേരത്തെ വിഷയത്തില്‍ പോലീസ് കേസെടുത്തിരുന്നു. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള വകുപ്പുതല നടപടി വന്നതോടെ അറസ്റ്റ് ഉടനുണ്ടാകും.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്ന ഇരയെ ഔദ്യോഗിക വേഷത്തിലെത്തിയ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതിയുടെ ഭർത്താവ് ഇന്നലെയാണ് പരാതിപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയുണ്ടായി.

Advertisement