നഗരം ചെങ്കടല്‍,ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും

Advertisement

തിരുവനന്തപുരം.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രവും പ്രതിപക്ഷവും എടുക്കുന്ന സമീപനം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനായെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കും സാമ്പത്തിക നിലപാടിനും എതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗേവിന്ദന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ യാത്ര തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ജനങ്ങളെ അണിനിരത്തുകയായിരുന്നു ലക്ഷ്യം. ഫെബ്രുവരി 20ന് കാസര്‍ഗോഡ് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ഓരോ കേന്ദ്രങ്ങളിലും പൗരപ്രമുഖരുമായി ചര്‍ച്ച നടത്തിയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ചുമായിരുന്നു ജാഥ. ജാഥ കൊണ്ട് ഉദ്ദേശിച്ചത് ഫലവത്തായെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജനങ്ങളെ ആശയപരമായി കൂടുതല്‍ കരുത്തരാക്കാനായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

വൈകിട്ട് അഞ്ചിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വിട്ടുനിന്നത് ജാഥയ്ക്കിടയില്‍ വിവാദത്തിനിടയാക്കി. പിന്നീട് പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് ഇ.പി.ജയരാജനെ ജാഥയില്‍ പങ്കെടുപ്പിച്ചത്. കേസ് ഒതുക്കി തീര്‍ക്കാന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ പേരില്‍ വിജേഷ് പിള്ള സമീപിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചെങ്കിലും എം.വി.ഗോവിന്ദന്റെ വക്കീല്‍ നോട്ടീസോടെ ഇതു കെട്ടടങ്ങി.
24

Advertisement