വാർത്താനോട്ടം

courtesy. icu,fb
Advertisement

2023 മാർച്ച് 18 ശനി

കേരളീയം

🙏കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മുന്നേറ്റമായ കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശ്രഖലയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം തിരുവനന്തപുരം കവടിയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.

🙏സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു കേസെടുത്തു. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ബംഗളൂരുവിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിജേഷ് പിള്ളയെ ബംഗളൂരു മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്തു മണിക്കൂറോളം ചോദ്യം ചെയ്തു.

courtesy. kidilan trolls,fb

🙏സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനു സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി അരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. നോട്ടീസിന് മറുപടി നല്‍കാന്‍ സിസയോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

🙏കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ . സംസ്ഥാനം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്കു നല്‍കേണ്ട പണം സംസ്ഥാനത്തിന് നല്‍കുമെന്നും കേന്ദ്രം പറഞ്ഞു.

🙏ബ്രഹ്‌മപുരം അഴിമതിയുടെ ഗൂഢാലോചന മുഖ്യമന്ത്രി വിദേശയാത്രക്കിടയിലാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ലോക ബാങ്ക് അനുവദിച്ച തുക എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

🙏കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് അങ്ങനെ പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും അതാണു ചെയ്യേണ്ടത്.

courtesy.siraj mktplm,kidilan trolls,fb

🙏പ്രതിഷേധങ്ങള്‍ സെന്‍സര്‍ ചെയ്യുകയാണെങ്കില്‍ സമാന്തര ഇടപെടലുകള്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭാ ടിവി നയത്തില്‍ പ്രതിഷേധിച്ച് സഭാ ടിവി ഉന്നതാധികാര സമിതിയില്‍നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ രാജിവച്ചിരുന്നു. അതിനു പിറകേ, പുതിയ അംഗങ്ങളുമായി സഭാ ടിവിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു.

🙏സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു തിരുവനന്തപുരത്തു സമാപിക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചമുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.

🙏കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം ഇതോടെ 900 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി സംസ്ഥാനം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങളാണ പദ്ധതിയിലുള്ളത്.

🙏കോട്ടയത്ത് കള്ളനോട്ടു നല്‍കി ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. കങ്ങഴ സ്വദേശിയും വിമുക്ത ഭടനുമായ ബിജി തോമസ് ആണ് പിടിയിലായത്.

ദേശീയം

🙏ബ്രഹ്‌മപുരം തീപിടിത്തത്തിന് 500 കോടി രൂപ പിഴ ഈടാക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. തീപിടിത്തവും വിഷപ്പുകയും സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ചയാണ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്

🙏മാപ്പു പറയേണ്ട ഒന്നും രാഹുല്‍ഗാന്ധി പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍. ജനാധിപത്യം അപകടത്തിലാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അനാവശ്യ കാര്യങ്ങളില്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്നു. ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാന്‍ വിദേശ ശക്തികള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂര്‍.

🙏ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ആകുമ്പോഴേക്കും ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താം. ഒരാള്‍ക്ക് ആറു കോടി രൂപയോളം ചിലവാകും. ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.

courtesy . pran tk,kidilan trolls,fb

🙏സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷം. സൈബര്‍ ആക്രമണം തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. 13 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്കു കത്തു നല്‍കി.

🙏പ്രണയപ്പകമൂലം തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്തു കൊന്നു. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടിയ മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

🙏ഓസ്‌കര്‍ പുരസ്‌കാരവുമായി നാട്ടില്‍ തിരിച്ചെത്തിയ ആര്‍.ആര്‍.ആര്‍ ടീമിന് ഊഷ്മള വരവേല്‍പ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവന്‍ എന്നിവരെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്.

🙏ഓസ്‌കര്‍ പുരസ്‌കാരം നേടിയ നാട്ടു നാട്ടു ഗാനം രചിച്ച ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണെന്ന് തെലുങ്കാനയിലെ എസ്എഫ്ഐ. ചന്ദ്രബോസിന്റെ ചിത്രവും അഭിനന്ദനങ്ങളും അവകാശവാദവും ചേര്‍ത്തുള്ള ബോര്‍ഡുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുമാണ് എസ്എഫ്ഐ തെലുങ്കാനയില്‍ നടത്തുന്നത്.

🙏ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയെ കാണാന്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ വീട്ടുവിട്ടിറങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണം. പഞ്ചാബിലെ ബതിന്ദ ജയിലില്‍നിന്ന് പുറത്തിറക്കിയ ബിഷ്ണോയെ കാണാന്‍ എത്തിയ പെണ്‍കുട്ടികള്‍ അയാളുമൊന്നിച്ചു ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതു വിവാദമായിരിക്കേയാണ് അന്വേഷണം.

🙏മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കില്‍ ബിജെപി നേതാവായ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു. വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിച്ചു ചതച്ചശേഷമാണ് അക്രമികള്‍ സ്ഥലംവിട്ടത്.

അന്തർദേശീയം

🙏കാബൂളിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക്‌സിനു കീഴിലുള്ള ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനു പിറകേയാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.

🙏അമേരിക്കയില്‍ സിലിക്കണ്‍വാലി, സിഗ്നേച്ചര്‍ ബാങ്കുകളുടെ തകര്‍ച്ചയ്ക്കു പിറകേ മൂന്നാമതൊരു ബാങ്കുകൂടി പ്രതിസന്ധിയില്‍. 1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണു പ്രതിസന്ധിയിലായത്. പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ മറ്റു ബാങ്കുകള്‍ ചേര്‍ന്ന് മൂവായിരം കോടി ഡോളറിന്റെ നിക്ഷേപം നല്‍കണമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.

🙏ഉത്തര കൊറിയയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം മകളുമൊത്ത് നിരീക്ഷിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്.

🙏യുവതിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് കറിവച്ച് വിളമ്പിയ ശേഷം ബന്ധുക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു (44) ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത്.

🙏ബ്രിട്ടനില്‍ തടവുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 18 വനിതാ ജീവനക്കാരെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പിരിച്ചുവിട്ടു. ‘മിറര്‍’ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെര്‍വിനിലാണ് സംഭവം.

courtesy. kidilan trolls,fb

🙏ഓസ്ട്രേലിയക്കെ
തിരായ ഏകദിനപരമ്പരയിലെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മിച്ചല്‍ മാര്‍ഷിന്റെ 81 റണ്‍സ് പോരാട്ടത്തെ നിഷ്പ്രഭമാക്കി ഓസ്ട്രേലിയയെ 188 റണ്‍സിലൊതുക്കി. അനായാസ വിജയം പ്രതീക്ഷിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിലപ്പെട്ട നാല് വിക്കറ്റുകള്‍ 39 റണ്‍സിനിടയില്‍ വീണപ്പോള്‍ പരാജയം മണത്ത ഇന്ത്യയെ വിജയത്തിലെത്തിച്ചത് 75 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും 45 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടേയും സെഞ്ച്വറി കൂട്ടുകെട്ടാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here