ബാംഗളുരു. കേരളത്തിലെ പൊലീസിനെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനം നടത്തിയ ബാംഗ്ളൂര്‍ പൊലീസ് വിജേഷ് പിള്ളയുടെ ആദ്യ ദിനത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പത്ത് മണിക്കൂറിൽ അധികമാണ് വിജേഷിനെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തത്. അതിനിടെ സ്വപ്നയെയും സരിത്തിനെയും മഹാദേവപുര പൊലീസ് വിളിച്ചു വരുത്തി. മൊഴിയിലെ വിശദീകരണത്തിനായാണ് വിളിച്ചു വരുത്തിയതെന്ന് സ്വപ്ന പറഞ്ഞു.
വിജേഷ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേസന്വേഷിക്കുന്ന വൈറ്റ് ഫീൽഡ് ഡി സി പി . എസ് ഗിരീഷും മഹാദേവ പുര സ്റ്റേഷനിൽ എത്തിയിരുന്നു. കേസിൽ സ്വപ്നയുടെ മൊഴി രണ്ട് തവണ രേഖപ്പെടുത്തിയിരുന്നു. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിക്കണമെന്നും അതിനായി വിജേഷ് പിള്ള 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്ന കെ ആർ പുര സ്റ്റേഷനിൽ നൽകിയ പരാതി.