തളിപ്പറമ്പ്. സിപിഎം പരാതിയിൽ സ്വപ്ന സുരേഷിനും, വിജേഷ് പിള്ളയ്ക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അപകീർത്തിപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും വ്യാജ രേഖ നിർമ്മിച്ചുവെന്നാണ് പരാതി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് തളിപ്പറമ്പ് ഏരിയാസെക്രട്ടറി കെ സന്തോഷ് പോലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അപകീർത്തിപ്പെടുത്താൻ സ്വപ്നയും വിജേഷ് പിള്ളയും ചേർന്ന് ഗൂഢാലോചന നടത്തി. ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ ഗൂഢലക്ഷ്യത്തോടെ ആസൂത്രിതമായി തയ്യാറാക്കി പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. ദൃശ്യങ്ങളിലെ സംഭാഷണം പുറത്തുവിടാതിരിക്കുന്നത് ദുരൂഹമാണ്. തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യമിട്ടാണ് വീഡിയോ തയ്യാറാക്കിയത് എന്നിവയാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. പിന്നാലെയാണ് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം തുടങ്ങിയ 5 വകുപ്പുകൾ ചുമത്തി സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സ്വപ്‌ന സുരേഷ് തോന്ന്യാസം പറഞ്ഞാല്‍ മിണ്ടാതിരിക്കാനാവില്ലന്നായിരുന്നു പോലീസിൽ പരാതി നൽകിയതിനോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം
നേരത്തേ ശബരിമലക്കേസില്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രന് എതിരെ സംസ്ഥാന വ്യാപകമായി കേസുകള്‍ എടുക്കുന്ന പരിപാടി നടപ്പാക്കി വിജയിച്ചിരുന്നത് സ്വപ്നക്കേസിലും പ്രതീക്ഷിക്കാമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്, തളിപ്പറമ്പ് പോലീസിന്റെ തുടർനടപടികൾ ഏറെ ശ്രദ്ധേയമായിരിക്കും.