തിരുവനന്തപുരം . അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കുന്നത് മൂന്നാം ദിവസവും ഒഴിവാക്കി നിയമസഭ ഇന്നും പിരിഞ്ഞു.പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള പോലും പൂർത്തിയാക്കാനായില്ല.
സഭ മന്ദിരത്തില്‍ നടന്ന സംഘർഷങ്ങളിൽ പൊലീസ് വാദിയെ പ്രതിയാക്കിയെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു.
അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കുന്ന സർക്കാർ നടപടിയിലും,സഭയിലെ സംഘർഷവുമായി ബന്ധപ്പെട്ടും ഇന്നും സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു.
പ്രതിഷേധമറിയിക്കാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതോടെ പ്ലക്കാഡും മുദ്രാവാക്യവുമായി പ്രതിഷേധം നടുത്തളത്തിലെത്തി.ഭരണനിരയും എഴുന്നേറ്റതോടെ ഒൻപതാം മിനിറ്റിൽ സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തെ ഏഴ് എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത നടപടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവരാനിരുന്നത്. ശൂന്യവേളയും റദ്ദ് ചെയ്തതോടെ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വന്നില്ല.ചോദ്യങ്ങളോടുള്ള ഭയമല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ
ഇന്നലെയും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ മറയാക്കി സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ചോദ്യങ്ങളെ നേരിടേണ്ടി വന്നില്ല.ലൈഫ് മിഷനടക്കമുള്ള ചോദ്യങ്ങളില്‍ നേരിട്ട് മറുപടി പറയുന്നതില്‍ നിന്നാണ് ഇന്നലെ മുഖ്യമന്ത്രി ഒഴിവായത്.ഒപ്പം അടിയന്തര പ്രമേയ നോട്ടീസിനും മറുപടി നല്‍കേണ്ടി വന്നില്ല.ബുധനാഴ്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയും നല്‍കിയിരുന്നില്ല. ഇതോടെയാണ് സര്‍ക്കാര്‍ താല്‍പര്യം അറിഞ്ഞ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയത്.