മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ. സുധാകരൻ; നാണവും മാനവും ഉളുപ്പുമുണ്ടോയെന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ചെറ്റയെന്ന് വിളിച്ച് അധിക്ഷേപിച്ച് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. ബ്രഹ്മപുരം മാലിന്യപ്ലാന്‍റ്​ വിഷയത്തിൽ കൊച്ചി കോർപറേഷൻ ഉപരോധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. മുഖ്യമന്ത്രിയെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദമെന്നും ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഇത്രയധികം അഴിമതി ആരോപണം വന്നിട്ടും വായ തുറന്ന് പ്രതികരിക്കാത്ത അദ്ദേഹത്തിന് നാണവും മാനവും ഉളുപ്പുമുണ്ടോ. സ്വപ്ന സുരേഷിന്‍റെ വെല്ലുവിളികൾക്കെതിരെ എന്തുകൊണ്ട് കേസ്​ കൊടുക്കുന്നില്ല. കളങ്കിതനല്ലാത്തതിനാലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വപ്നക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്. ആ ധൈര്യം മറ്റുള്ളവർക്കുണ്ടോയെന്നും സുധാകരൻ വെല്ലുവിളിച്ചു.

മുഖ്യമന്ത്രിക്ക് ഗോവിന്ദന്‍റെ നിഴലാകാനുള്ള അർഹതപോലുമില്ല. അഴിമതിക്ക് കൂട്ടുനിന്ന സ്വപ്നയെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും അറിയില്ലെന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ പ്രതികരണം. നാലു വർഷം വിദേശത്തടക്കം കൊണ്ടുപോയി യോഗങ്ങളിൽ സ്വാഗതം പറയിപ്പിച്ച വനിതയെ അറിയില്ലെന്ന് പറയാൻ ഉളുപ്പില്ലാത്തവർക്കേ സാധിക്കൂ. നാണംകെട്ട മുഖ്യമന്ത്രിയെ ചുമക്കരുതെന്നാണ് ഗോവിന്ദനോട് ആവശ്യപ്പെടാനുള്ളത്. ഗോവിന്ദൻ അഴിമതിക്കാരനല്ല. എന്നാൽ, അദ്ദേഹം അഴിമതിക്കാർക്ക് ചൂട്ടുപിടിക്കുന്നയാളാകരുത്.

അഴിമതിക്കാരനായ പിണറായിയെ ചങ്ങലക്കിടാൻ സി.പി.എമ്മിന് സാധിക്കുന്നില്ലെങ്കിൽ തൊഴിലാളി വർഗ പാർട്ടി പിരിച്ചുവിടാൻ ഗോവിന്ദൻ നട്ടെല്ല് കാണിക്കണം.

നിയമം ലംഘിച്ചാൽ കോൺഗ്രസ് ചോദ്യം ചെയ്യും. പൊലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ. നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണോയെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Advertisement