മെഡിക്കല്‍ കോളജില്‍ പുരുഷ ഡോക്ടര്‍ വനിതാ ജീവനക്കാരിയെ തൊഴിച്ചു,കാരണം ഇതാണ്

തിരുവനന്തപുരം. മെഡിക്കല്‍ കോളജില്‍ പുരുഷ ഡോക്ടര്‍ വനിതാ ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി.
അണുവിമുക്തമാക്കിയ ശസ്ത്രക്രിയാ ഉപകരണത്തില്‍ സ്പര്‍ശിച്ചതിനാണ് ഓര്‍ത്തോ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ പ്രമോദ്  നഴ്സിങ് അസിസ്റ്റന്റിനെ ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.

മെഡിക്കല്‍ കോളജിലെ ഓപ്പറേഷൻ തിയറ്ററിൽ ഇന്ന് രാവിലെയാണ് പരാതിക്കിടയാക്കിയ സംഭവം.ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയായിരുന്നു ഡോ പ്രമോദ്. അണുവിമുക്തമാക്കിയ ഉപകരണങ്ങളില്‍  സ്പര്‍ശിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചതെന്നാണ് പരാതി. മൂന്നു വട്ടം തൊഴിച്ചെന്നും ഇത് മനപൂർവം ദേഹോപദ്രവം ഏൽപ്പിച്ചതിന് തെളിവെന്നും ജീവനക്കാർ പറയുന്നു.ഡോ പ്രമോദിനെതിരെ നടപടിയാവശ്യപ്പെട്ട് ജീവനക്കാര്‍ സൂപ്രണ്ട് ഒാഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു.

ഡോ. പ്രമോദിനെതിരെ എൻജിഒ യൂണിയൻ ആശുപത്രിയില്‍ പോസ്റ്ററുകള്‍ പതിച്ചു. ഒരിക്കല്‍ അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ വീണ്ടും അണുവിമുക്തമാക്കാനും മറ്റ് വകുപ്പുതല നടപടികള്‍ക്കും സാധ്യതയുണ്ടായിരിക്കെയാണ് വനിതാ ജീവനക്കാരിയെ ഡോക്ടര്‍ കൈയ്യേറ്റം ചെയ്തത്. ആഭ്യന്തര അന്വേഷണത്തില്‍ പെട്ടെന്നുണ്ടായ പ്രകോപനമന്നാണ് ഡോക്ടറുടെ വിശദീകരണം. ജീവനക്കാരി പൊലീസില്‍ പരാതി നല്കിയിട്ടില്ല. ജീവനക്കാരിയെ സമ്മര്‍ദത്തിലാക്കി പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.

Advertisement