ഏഷ്യാനെറ്റ്‌ ന്യൂസ് കൊച്ചി റീജിയണൽ ഓഫീസില്‍ എസ്എഫ്ഐ അതിക്രമം, സംസ്ഥാന വ്യാപക പ്രതിഷേധം

Advertisement

തിരുവനന്തപുരം . ഏഷ്യാനെറ്റ്‌ ന്യൂസ് കൊച്ചി റീജിയണൽ ഓഫീസില്‍ എസ്എഫ്ഐ നടത്തിയ അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. കെയുഡബ്ളിയുജെ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടെ എസ്എഫ്ഐ അതിക്രമത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.

ഇന്നലെ വൈകീട്ടാണ് എസ്എഫ്ഐ പ്രവർത്തകർ ഏഷ്യാനെറ്റ് കൊച്ചി ഓഫിസിനുള്ളിൽ അതിക്രമം കാണിക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തത്. ഏഷ്യാനെറ്റില്‍ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തില്‍ വന്ന ഒരു വാര്‍ത്തയോട് ബന്ധപ്പെട്ടാണ് ഇന്നലെ രാത്രി എട്ടിന് ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇടിച്ചു കയറിയത്. സ്ഥാപനം സാംസ്കാരിക കേരളത്തിന് അപമാനം എന്ന ബാനര്‍ കെട്ടി അത് വിഡിയോയില്‍ ചിത്രീകരിച്ചു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ഓഫീസ് കയ്യടക്കിയത്.

സംഭവത്തിൽ ഗുരുതര വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പോലിസ് കേസെടുത്തു. അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. കെയുഡബ്ളിയുജെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും, വിവിധ പ്രസ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ഇതിനിടെ മാധ്യമസ്ഥാപനത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ പരോക്ഷമായി ന്യായീകരിച്ച് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്തെത്തി. ജനാധിപത്യത്തിന്റെ കറുത്തമുഖമെന്ന് കെ സി വേണുഗോപാൽ.മാധ്യമ സ്ഥാപനങ്ങൾക്കെതിരായ ആക്രമണം തെറ്റായ നടപടിയെന്ന് കെ. മുരളീധരൻ എം പി പറഞ്ഞു.

അതിക്രമം ഉണ്ടായെങ്കിൽ പരിശോധിക്കുമെന്നും , വേണ്ട രീതിയിൽ നടപടി ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . മാധ്യമ സ്ഥാപനത്തിനെതിരെ നടന്നത് ഏകാധിപത്യ ശൈലിയെന്നും കേട്ടുകേൾവി ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിപറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം സിപിഎമ്മിൻ്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ്റെ തുടർഭരണത്തിൽ മാദ്ധ്യമങ്ങളെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങൾക്കെതിരെയുള്ള വാർത്തകൾ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു

Advertisement