കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ വേനല്‍ച്ചൂട് അധികമായിരിക്കും.
ഇന്നലെ പാലക്കാട് ജില്ലയിലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കോഴിക്കോട് 35.2ഡിഗ്രി സെല്‍ഷ്യസും, കൊച്ചി 33.4, ആലപ്പുഴ 34.2, തിരുവനന്തപുരം 32.8ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലത്തെ ഉയര്‍ന്ന താപനില. രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.
സൂര്യാതാപം, നിര്‍ജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. പുറത്ത് ജോലി ചെയ്യുന്നവര്‍ ഈ സമയം ഒഴിവാക്കിവേണം ജോലിസമയം ക്രമീകരിക്കാനെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.