ലൈഫ് മിഷൻ തട്ടിപ്പ് ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിലെന്ന് അനിൽ അക്കര; യോഗത്തിന്‍റെ റിപ്പോർട്ട് പുറത്തുവിട്ടു

Advertisement

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിക്ക് വേണ്ടി വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അനിൽ അക്കര. വിദേശ സഹായം വാങ്ങാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷതയിൽ ക്ലിഫ് ഹൗസിൽ ചേർന്ന യോഗത്തിലാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി യൂണിടാക്കിനെ ഏൽപ്പിച്ചത് മുഖ്യമന്ത്രിയാണെന്നും അനിൽ അക്കര പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ക്ലിഫ് ഹൗസിൽ യോഗം ചേർന്നതിന്റെ റിപ്പോർട്ട് അനിൽ അക്കര പുറത്തുവിട്ടു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടാണ് അനിൽ അക്കര പുറത്തുവിട്ടത്.

സർക്കാറിൽ നിന്ന് 2019 ജൂലൈ 11ന് ലൈഫ് മിഷന് ലഭിച്ച കത്തിലെ ഉത്തരവ് അനുസരിച്ചും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ തീരുമാനം അനുസരിച്ചുമാണ് സി.ഇ.ഒ ധാരണാപത്രം ഒപ്പിടുന്നത്. വടക്കാഞ്ചേരി നഗരസഭയുടെ സ്ഥലത്ത് ഫ്ലാറ്റ് പണിയുമെന്നും യൂണിടാക്കിലെ നിർമാണത്തിന് ചുമതലപ്പെടുത്തിയ തീരുമാനവും ധാരണാപത്രത്തിൽ പറയുന്നില്ല.

ഫ്ലാറ്റ് നിർമാണം വടക്കാഞ്ചേരി നഗരസഭയിലെ 2.18 ഏക്കർ സ്ഥലത്ത് നടത്തുന്നതിനും യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. കൂടാതെ, ഭവന സമുച്ചയം റെഡ് ക്രസറ്റ് നേരിട്ട് നിർമിച്ച് സർക്കാറിന് കൈമാറുന്നതാണെന്നും റെഡ് ക്രസറ്റ് ജനറൽ സെക്രട്ടറി യോഗത്തിൽ സ്ഥിരീകരിച്ചു. ഇതിന് 2019 ആഗസ്റ്റ് 26ന് ലൈഫ് മിഷൻ അംഗീകാരം നൽകുകയും ചെയ്തു. ലൈഫ് മിഷന്‍റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമാണ്. അതിനാൽ ലൈഫ് മിഷൻ അംഗീകാരം നൽകിയെന്ന് പറഞ്ഞാൽ ചെയർമാനായ മുഖ്യമന്ത്രി അംഗീകാരം നൽകിയെന്നാണ് അർഥമാക്കുന്നത്.

ഒരു വിദേശ ഭരണാധികാരിയും കേരളത്തിന്‍റെ ഭരണാധികാരിയും ചേർന്നെടുത്ത യോഗത്തിന്‍റെ തീരുമാനത്തിന് ലൈഫ് മിഷന്‍റെ യോഗം അംഗീകാരം നൽകുകയാണ് ചെയ്തത്. യൂണിടാക്കിനെ ചുമതലപ്പെടുത്താനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്. യു.എ.ഇ കോൺസുലേറ്റ് എന്ന് പറയുന്ന ഒരു വിദേശ രാജ്യത്തിന്‍റെ പ്രതിനിധി കേരളത്തിലെ ഒരു കരാറുകാരുമായി ഉടമ്പടി വെച്ച് വടക്കാഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്ലാറ്റ് പണിയുന്നത് എഫ്.സി.ആർ.എയുടെ ലംഘനമാണ്. ഈ തീരുമാനം എടുത്തത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്. മുഖ്യമന്ത്രിക്കോ വിദേശ രാജ്യത്തെ ഏജൻസിക്കോ ഇത്തരത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ല. ക്ലിഫ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തെന്ന കാര്യം സ്വപ്ന സുരേഷിന്‍റെ ചാറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അനിൽ അക്കര വ്യക്തമാക്കി.

ലൈഫ് മിഷനിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സർക്കാർ പറയുന്ന എല്ലാ നുണകളും പൊളിക്കാനുള്ള തെളിവുകൾ തന്‍റെ കൈവശമുണ്ട്. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ കേ​ന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറില്ല. രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിക്കും. കോടതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കും. കേസിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഒത്തുകളി നടത്തുകയാണെന്നും അനിൽ അക്കര പറഞ്ഞു.

Advertisement