2023 മാർച്ച് 03 വെള്ളി
BREAKING NEWS
👉 ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ കനത്ത പുക.
👉 കൊച്ചി നഗരത്തിൽ വാഹന ഗതാഗതം ദുഷ്ക്കരം;
തീ അണയ്ക്കാൻ ശ്രമങ്ങൾ തുടരുന്നു.
👉 ത്രിപുര, നാഗലാൻ്റ്, മേഘാലയ എന്നീ സംസ്ഥാനത്തിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ തുടങ്ങി ബിജെപി.

കേരളീയം
🙏വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പു കേസില്‍ വിദേശനാണ്യ നിയമം ലംഘിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇന്നു പുറത്തുവിടുമെന്നും അനില്‍ അക്കര പറഞ്ഞു.
🙏എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്സണായുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എന്‍ഫോഴ്സ്മെന്റും പരിശോധനയ്ക്കായി എത്തും. റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് അന്വേഷണം.
🙏വിനോദയാത്രയ്ക്ക് എത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയില്‍ പുഴയില്‍ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍നിന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

🙏ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയാക്കാന്‍ നീക്കം. ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ അംഗീകരിച്ചേക്കും. ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വര്‍ധിപ്പിക്കും. ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
🙏സംസ്ഥാനത്തു കൂടുതല്‍ വിജിലന്‍സ് കോടതികള്‍ ആരംഭിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്റ് ഡിവിഷന്‍ വിജിലന്‍സിനു മാത്രമായി അനുവദിക്കും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണു നടപടി.
🙏കേരള സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേയ്സിന്. പുതിയ ടെണ്ടര്‍ വിളിക്കില്ല. കഴിഞ്ഞ വര്‍ഷം ലഭിച്ച ടെണ്ടറനുസരിച്ച് ചിപ്സണ്‍ എയര്‍വേഴ്സിന് കരാര്‍ നല്‍കും. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപക്കാണ് കരാര്‍. 20 മണിക്കൂറിന് 80 ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടത്. ആറു സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് വാടകക്കെടുക്കുന്നത്.
🙏വരവൂരില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു യുവാക്കള്‍ മരിച്ചു. വാലി പറമ്പില്‍ ശബരി എന്ന പതിനെട്ടുകാരനും രാജേഷുമാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
🙏ഗാര്‍ഹിക പീഡന കേസില്‍ ഡോക്ടര്‍ ഭാര്യക്കും മകള്‍ക്കും വന്‍ തുക പ്രതിമാസം നഷ്ടപരിഹാരം നല്‍കണമെന്നു കോടതി വിധി. തിരുവനന്തപുരം സ്വദേശിയും മുപ്പതുകാരിയുമായ ഷിഫാന ഉബൈസിന് മാസം അമ്പതിനായിരം രൂപയും മകള്‍ക്ക് എണ്‍പതിനായിരം രൂപയും തൃശൂര്‍ സ്വദേശിയായ ഡോ മുഫീദ് ജീവനാംശം നല്‍കണമെന്ന് ആറ്റിങ്ങല്‍ കോടതിയാണ് ഉത്തരവിട്ടത്. ഒന്നര കോടി രൂപയും ബെന്‍സ് കാറും 270 പവനും വിവാഹ സമ്മാനമായി നല്‍കിയിരുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
🙏ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു.
🙏സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ കടത്തുകാരോട് പണം ആവശ്യപ്പെട്ട കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു. തോട്ടപ്പുഴശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് നടപടി.

🙏ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഏഴാം തീയതി തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
ദേശീയം
🙏കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയം കഠിന പ്രയത്നത്തിന്റെ ഫലമാണ്. വോട്ടു ചെയ്ത ജനങ്ങള്‍ക്കു നന്ദിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
🙏ത്രിപുരയില്‍ ബിജെപിയുടെ തുടര്‍ഭരണം ഉറപ്പാക്കിയത് ത്രികോണപ്പോര്. ഗോത്രവര്‍ഗ്ഗ മേഖലകളിലെ സീറ്റുകള്‍ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാല്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. തിപ്രമോത ഇരുപക്ഷത്തെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും കൂടുതല്‍ തിരിച്ചടിയേറ്റത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തിനാണ്.
🙏നാഗാലാന്‍ഡില്‍ ചരിത്രം കുറിച്ച് രണ്ട് വനിതകള്‍ നിയമസഭയിലെത്തി. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹെകാനി ജഖാലു, സല്‍ഹൗതുവോന്വോ ക്രൂസ് എന്നിവരാണ് നിയമസഭയില്‍ എത്തിയ വനിതകള്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക് എത്തുന്നത്.

🙏മേഘാലയയില്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയാകും. എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായ മേഘാലയയില്‍ എന്‍പിപി- ബിജെപി സര്‍ക്കാരാണു രൂപീകരിക്കുക. 26 സീറ്റ് നേടിയ എന്‍പിപി കേന്ദ്ര സഹായവും ഭരണസ്ഥിരതയും കണക്കിലെടുത്താണ് ബിജെപിയുമായി കൈകോര്‍ക്കുന്നത്.
🙏അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം
🙏ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനസജ്ജമായി. ഓപ്ഷന്‍ നല്‍കുന്നതിന് മെയ് മൂന്നുവരെ സമയം അനുവദിച്ചു.
🙏ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതമുണ്ടായെന്നു വെളിപ്പെടുത്തി നടി സുസ്മിത സെന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 47 കാരിയായ നടി ആരോഗ്യ വിവരം വെളിപെടുത്തിയത്. മുന്‍ മിസ് യൂണിവേഴ്‌സ് കൂടിയായ സുസ്മിത പിതാവ് സുബിര്‍ സെന്നിനൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പങ്കുവച്ചത്.

🙏അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ജി 20 യോഗത്തിനിടെയാണ് ചര്‍ച്ച നടത്തിയത്. യുക്രൈനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
കായികം
🙏പ്രവചനാതീതമായ ഇന്‍ഡോര്‍ പിച്ചില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 76 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസ് 197 റണ്‍സിന് പുറത്തായിരുന്നു.
🙏ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങി അര്‍ജന്റീന സൂപ്പര്‍താരം ലിയോണല്‍ മെസ്സി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസ്സി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.