മലപ്പുറം. കോട്ടക്കലിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായ സംഭവത്തില്‍ ഒരാൾ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അലി അക്ബറാണ് മണ്ണിനടിയിൽ പെട്ട് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ നാലുമണിക്കൂര്‍ ശ്രമം നടത്തി പുറത്തെടുത്തു രക്ഷപ്പെടുത്തി.
കോട്ടക്കൽ കുർബാനിയിൽ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. ആറംഗ തൊഴിലാളി സംഘമാണ് കിണർ നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. രണ്ട് പേർ കിണറിൽ ഇറങ്ങി നിന്ന്
കുഴിച്ച് മണ്ണെടുക്കുന്നതിനിടയാണ് അപകടം. നാല്പതടിയിലധികം താഴ്ച്ചയുള്ള കിണറിലേക്ക് ഒരു വശത്ത് നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കിണറിൽ ഉണ്ടായിരുന്ന എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അഹദ്, അലി അക്ബർ എന്നിവർ മണ്ണിനടിയിൽ കുടുങ്ങി.
അഗ്നി രക്ഷസേനയുടെ മലപ്പുറം, തിരൂർ യൂണിറ്റുകളും, കോട്ടക്കൽ പൊലീസുമാണ് നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തിയത്.
നാല് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ മണ്ണിനടിയിൽ നിന്ന് അഹദിനെ പരിക്കുകളോടെ പുറത്തെത്തിച്ചു.
പിന്നീട് രണ്ട് മണിക്കൂറിനു ശേഷം വൈകീട്ട് മൂന്നരയോടെ അലി അക്ബറിനെ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണ്ണിടിച്ചിൽ ഭീതി രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെന്ന് അഗ്നി രക്ഷാസേന മലപ്പുറം ജില്ലാ മേധാവി പറഞ്ഞു.
രക്ഷപ്പെട്ട അഹദ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.