ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഇന്ന്

കോട്ടയം: ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഇന്ന്. ഹൈന്ദവ മനസ്സുകളിൽ ഭക്തിതീവ്രത ഉണർത്തുന്ന ചടങ്ങാണ് ഏഴരപ്പൊന്നാന ദർശനം. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലെ സ്ട്രോങ് റൂമിൽ നിന്ന് ഏഴരപ്പൊന്നാനയെ ആസ്ഥാന മണ്ഡപത്തിൽ വയ്ക്കും. എട്ടാം ഉത്സവ ദിനം രാത്രി 12 നാണ് ദർശനം.

എട്ടാം ഉത്സവ ദിവസം വൈകിട്ടത്തെ കാഴ്ചശ്രീബലിക്കു ശേഷം മഹാദേവന്റെ തിടമ്പ് ആസ്ഥാന മണ്ഡപത്തിനുള്ളിലേക്ക് എഴുന്നള്ളിക്കും. സന്ധ്യയ്ക്കുള്ള ദീപാരാധന സമയത്തു തന്നെ ഏഴരപ്പൊന്നാനകളെ നാലമ്പലത്തിനുള്ളിലെ സ്ട്രോങ് മുറിയിൽ നിന്നു പുറത്തെടുക്കും. തുടർന്നു പൊന്നാനകളെ ഓരോന്നായി ആസ്ഥാന മണ്ഡപത്തിലെ വലിയ തിടമ്പിന് ഇരുവശങ്ങളിലുമായി അണിനിരത്തും. തിടമ്പിന്റെ ഇടതുഭാഗത്തു നാലും വലതു ഭാഗത്തു മൂന്നും പൊന്നാനകളെ വീതം അണിയിച്ചൊരുക്കി വയ്ക്കും.

അര പൊന്നാനയെ തിടമ്പിനു മുന്നിലെ പീഠത്തിലും വയ്ക്കും. തുടർന്നു ശ്രീകോവിലിൽ നിന്നു ഭഗവാന്റെ ബിംബം ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. പൊന്നാന ദർശനത്തിനായി ആസ്ഥാന മണ്ഡപത്തിന്റെ നട തുറക്കുമ്പോൾ ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി ആദ്യ കാണിക്കയർപ്പിക്കും. തുടർന്നു ഭക്‌തർ പൊന്നിൻകുടത്തിലും കൊടിമരച്ചുവട്ടിലും കാണിക്ക അർപ്പിച്ചു ഭഗവാനെ വണങ്ങും. തുടർന്നു ചുറ്റമ്പലത്തിൽ ഏഴരപ്പൊന്നാനകളെ ഭഗവാന്റെ തിടമ്പിന്റെ അകമ്പടിയോടെ പ്രദക്ഷിണം.

ഏറ്റുമാനൂർ മഹാദേവന് ഏഴരപ്പൊന്നാനയെ സമർപ്പിച്ചതിന്റെ രേഖകൾ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഓഫിസിലുണ്ട്. രേഖകൾ പ്രകാരം കൊല്ലവർഷം 964 (എഡി 1789) മേടം 10നാണു കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് ഏറ്റുമാനൂരപ്പന് വഴിപാട് സമർപ്പിച്ചത്.

അഷ്ടദിഗ്ഗജങ്ങളായ ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവഭൗമൻ, സുപ്രതീകൻഎന്നിവയെയാണ് പൊന്നാനകൾ പ്രതിനിധീകരിക്കുന്നത്.വാമനൻ ചെറുതായതിനാൽ അരപ്പൊന്നാനയെന്ന് പറയപ്പെടുന്നു.

‘ശ്രീപത്മനാഭദാസ ബാലരാമവർമ കുലശേഖരപ്പെരുമാൾ കൽപിച്ച് ഏറ്റുമാനൂർ ദേവർക്കു കാണിക്ക വയ്ക്കാൻ എഴുന്നരുളുമ്പോൾ പെരുമാൾ ശ്രീപത്മനാഭപ്പെരുമാൾക്കും ഒരു കൊമ്പനാനയെ കൊടിമരത്തിൻചുവട്ടിൽ ഉരുവിരുത്തി അനന്തഗോപാലൻ എന്നും പേരു നൽകി. പൊന്നാനകളുടെ തൂക്കം (തടി തകിട് ഉൾപ്പെടെ) ഇപ്രകാരമായിരുന്നു. പത്തു തുലാം, ഒൻപതര തുലാം, ഒൻപതു തുലാം, എട്ടേമുക്കാൽ തുലാം, എട്ടേമുക്കാൽ തുലാം, എട്ടര തുലാം, എട്ടു തുലാം, രണ്ടര തുലാം.’– രേഖകളിൽ ഇപ്രകാരം പറയുന്നു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ ഏറ്റുമാനൂരപ്പനു വഴിപാടായി ഏഴരപ്പൊന്നാന നേർന്നു. അദ്ദേഹത്തിന്റെ കാലശേഷം കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് (ധർമരാജാവ് ) നടയ്ക്കു വച്ചു.

ടിപ്പുസുൽത്താന്റെ പടയോട്ടത്തിൽ നിന്നു തിരുവിതാംകൂറിനെ രക്ഷിക്കാൻ കാർത്തിക തിരുനാൾ രാമവർമ രാജാവ് (ധർമരാജാവ്) നടയ്ക്കു വച്ചതാണ് ഏഴരപ്പൊന്നാനയെന്നും ഐതിഹ്യമുണ്ട്. പടയോട്ടത്തിനിടയിൽ മൈസൂരിൽ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാവുകയും ടിപ്പുവിനു മൈസൂരിലേക്ക് മടങ്ങിപ്പോകേണ്ടി വന്നുവെന്നുമാണ് ഈ ഐതീഹ്യത്തിലുള്ളത്.

Advertisement