ഭരണഘടനയെ നിലനിർത്തികൊണ്ട് ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നു, പി രാജീവ്

Advertisement

ലോയേഴ്സ് യൂണിയൻ 14 ാമത് സംസ്ഥാന സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു

കൊല്ലം. ഇന്ത്യൻ ഭരണഘടനയെ നിലനിർത്തികൊണ്ട് തന്നെ അപ്രസക്തമാക്കാനുള്ള ഗൂഢതന്ത്രമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് നിയമമന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു.ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ 14 ാമത് സംസ്ഥാന സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന ഘടനയിൽ തൊട്ടാൽ കോടതി ഇടപെടൽ ഉണ്ടാകുമെന്നതിനാൽ ഭരണഘടനയെ നിശബ്ദമാക്കി ഇല്ലാതാക്കാനാണ് ശ്രമം.
ഭരണഘടനാ പ്രകാരം തെരഞ്ഞെടുക്കേണ്ട ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുത്തിട്ടില്ല.ഭൂരിപക്ഷമില്ലാത്തതിനാൽ രാജ്യസഭയെ അപ്രസക്തമാക്കിയിള്ള നിയമനിർമ്മാണം നടക്കുന്നു. ജഡ്ജി നിയമനത്തിന് കൊളീജിയം സംവിധാനമാണ് ആപേക്ഷികമായി നല്ലത്‌. എന്നാൽ നിയമനം കേന്ദ്ര സർക്കാറിൻെറ കൈപ്പിടിയിലാക്കാനാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ രൂപീകരിക്കുന്നത്.അയോധ്യാ കേസിലെ വിധിയുടെ ഭാഗമായ ഒരു ജഡ്ജി വിരമിച്ചതിൻെറ തൊട്ടടുത്ത ദിവസം ഗവർണറാകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. റിട്ടയർമെൻറിന് ശേഷമുള്ള പദവികൾ റിട്ടയർമെൻറിന് മുൻപുള്ള വിധികളെ സ്വാധീനിക്കുമെന്ന് പറഞ്ഞത് ബാി.ജെ.പി നേതാവായിരുന്ന അരുൺ ജയ്റ്റ്ലിയാണ്.

ഫെഡറലിസം ദുർബലപ്പെട്ടു.കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 ഇല്ലാതാക്കി കേന്ദ്ര ഭരണപ്രദേശമായി.പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്ന നിയമം നിർമ്മിക്കുമ്പോൾ ആ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുന്നില്ല.സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം നടത്തുകയാണ്‌.ഏത് സംസ്ഥാനത്തെയും കേന്ദ്ര ഭരണപ്രദേശമാക്കാമെന്ന നിലയാണ്.സാമ്പത്തികമായ ഫെഡറലിസം പ്രധാനമാണ്.വിഭവ സമാഹരണം കേന്ദ്രത്തിനും ചിലവ് സംസ്ഥാനങ്ങൾക്കുമെന്ന സങ്കൽപ്പത്തെ അംബേദ്ക്കർ തന്നെ എതിർത്തിട്ടുള്ളതാണ്.ജിഎസ്ടി അടക്കമുള്ളവ സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി വിഷയങ്ങളിലടക്കം വിദ്യാഭ്യാസ രംഗത്തും കേന്ദ്രം ഇടപെടൽ നടക്കുന്നു.ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനും വ്യാപക പരിശ്രമമുണ്ട്.ഭരണഘടനയിൽ രാഷ്ട്രഭാഷ എന്നൊന്നില്ല.

മതനിരപേക്ഷതയുടെ സ്ഥാനത്ത് മതാത്മകത അടിസ്ഥാന ശിലയായി മാറ്റുകയാണ് കേന്ദ്രം.ജസംഖ്യയിൽ പതിനാല് ശതമാനമാണ് മുസ്ലീങ്ങൾ.എന്നാൽ
2022 ജൂലൈ മാസത്തിന് ശേഷം ഇന്ത്യയിലാദ്യമായി കേന്ദ്ര സർക്കാറിൽ മുസ്ളീം സമുദായത്തിന് പ്രാതിനിധ്യം ഇല്ലാതായി.രാജ്യം ഭരിക്കുന്ന പാർടിയെ പ്രതിനിധീകരിച്ച് ലോക്സഭയിലോ രാജ്യസഭയിലോ ഒരു മുസ്ലീം നാമധാരി പോലുമില്ല.ഇത് സൃഷ്ടിക്കുന്ന സാമുഹിക ആഘാതം ജനാധിപത്യത്തെ മുന്നോട്ടു നയിക്കില്ല.

ജനാധിപത്യമാണ് ഭരണഘടനയുടെ ഹൃദയം.,ആ ഹൃദയത്തെ ചേർത്ത് വെച്ച് മാത്രമേ ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാവൂ എന്ന ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ വാക്കുകൾ കാലിക പ്രസക്തമാണ്‌.അഭിഭാഷകർ ഭരണഘടനയെ സംരക്ഷിക്കാൻ കോടതിമുറികളിൽ പോരാട്ടം നടത്തേണ്ടവരാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.സമ്മേളനം നാളെ സമാപിക്കും.

Advertisement