മലനടയിൽ പള്ളിപ്പാന മഹാകർമ്മത്തിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഭദ്രദീപ പ്രതിഷ്ഠ നടത്തി

Advertisement

മലനട: പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തി വരാറുള്ള ചരിത്ര പ്രസിദ്ധമായ പള്ളിപ്പാന മഹാകർമ്മത്തിന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഭദ്രദീപ പ്രതിഷ്ഠ നടത്തി.ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കിയാണ് അദ്ദേഹം ഭദ്രദീപ പ്രതിഷ്ഠ നടത്തിയത്.

തുടർന്ന് മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലും ക്ഷേത്രത്തെ കുറിച്ചും ഐതീഹ്യത്തെ കുറിച്ചും ലഘു പ്രസംഗം.സദസ്സിൽ ഉണ്ടായിരുന്ന ദേവസ്വം ഭാരവാഹികളുടെ പേരും പദവിയും പറഞ്ഞ് മലയാളത്തിൽ നടത്തിയ പ്രസംഗം വലിയ കയ്യടി നേടി.മലനട ദേവസ്വം ഭരണസമിതി പ്രസിഡന്റ് അജീഷ് നാട്ടുവയൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഖിൽ സിദ്ധാർത്ഥൻ,ട്രഷറർ നമ്പൂരേത്ത് തുളസീധരൻ പിള്ള,വൈസ് പ്രസിഡന്റ് ഇടയ്ക്കാട് രതീഷ്,പള്ളിപ്പാന ചെയർമാൻ പി.എസ് ഗോപകുമാർ,ക്ഷേത്രം ഊരാളി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.ഗവർണർക്ക് ക്ഷേത്രത്തിന്റെ ഉപഹാരം ഭാരവാഹികൾ സമ്മാനിച്ചു.

വലിയ അനുഭവമാണ് തനിക്ക് മലനട ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിലൂടെ ലഭിച്ചതെന്നത് ഉൾപ്പെടെ വ്യക്തമാക്കി കത്തെഴുതി നൽകിയ ശേഷമാണ് ഗവർണർ മടങ്ങിയത്.ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് അധികൃതർ ഒരുക്കിയിരുന്നത്.ഫെബ്രുവരി 24 ന് ആരംഭിച്ച പള്ളിപ്പാന മഹാകർമ്മം 12 ദിനരാത്രങ്ങൾ നീണ്ടു നിൽക്കും.മാർച്ച് ഏഴിന് സമാപിക്കും.

Advertisement