ഫ്രഷ് ടു ഹോമിൽ നിക്ഷേപവുമായി ആമസോൺ ഉൾപ്പെടെ പ്രമുഖ കമ്പനികൾ

കൊച്ചി.ഓൺലൈൻ മത്സ്യ, മാംസ വിപണന രംഗത്തെ കരുത്തരും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോമിൽ നിക്ഷേപവുമായി അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ. സീരീസ് ഡി ഫണ്ടിങ്ങിൽ കമ്പനി 862 കോടി രൂപയാണ് സമാഹരിച്ചത്. ഒരു മലയാളി സംരംഭത്തിൽ ആമസോണിന്റെ ആദ്യത്തേതും ഏറ്റവും വലിയ നിക്ഷേപവുമാണിത്.

സീരീസ് ഡി ഫണ്ടിംഗിൽ ആമസോണിന് പുറമേ അയൺ പില്ലർ, ഇൻവെസ്റ്റ്കോർപ്പ്, ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഒഫ് ദുബായ്, അസറ്റ് കാപിറ്റൽ, ഇ20 ഇൻവെസ്റ്റ്മെന്റ്, മൗണ്ട് ജൂഡി വെഞ്ച്വേഴ്സ്, ദല്ലാഹ് അൽ ബറാക്ക എന്നിവയാണ് ഫ്രഷ് ടു ഹോമില്‍ നിക്ഷേപമിറക്കിയത്. ഒരു മലയാളി സംരംഭത്തിൽ വന്‍കിട കമ്പനിയായ ആമസോണിന്റെ ആദ്യത്തേതും ഏറ്റവും വലിയ നിക്ഷേപവുമാണിത്. മത്സ്യത്തിനും-മാംസത്തിനും പുറമേ ആമസോണുമായി ചേര്‍ന്ന് സ്വന്തം ബ്രാന്‍ഡില്‍ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലിറക്കുമെന്ന് സി.ഒ.ഒ മാത്യു ജോസഫ് പറഞ്ഞു.

സീരീസ് സി ഫണ്ടിംഗിലൂടെ 2020ൽ അമേരിക്കൻ സർക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നുള്‍പ്പെടെ 860 കോടി രൂപ നിക്ഷേപവും ഫ്രഷ് ടു ഹോം നേടിയിരുന്നു. നിലവിൽ ഇന്ത്യയിലും യു.എ.ഇയിലുമായി 160ലേറെ നഗരങ്ങളിൽ ഫ്രഷ് ടു ഹോമിന് സാന്നിദ്ധ്യമുണ്ട്. മൂന്നുമാസത്തിനകം ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

Advertisement