കണ്ണൂര്‍.ഇസ്രായേലിൽ കാണാതായ കർഷകനെ പഠനയാത്ര സംഘത്തിൽ ഉൾപ്പെടുത്തിയതിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്. കൃഷിവകുപ്പ് നിയോഗിച്ച അന്വേഷണസംഘം കണ്ണൂർ ഇരിട്ടി സ്വദേശിയായ, കർഷകൻ ബിജു കുര്യൻ്റെ കൃഷിഭൂമിയിൽ പരിശോധന നടത്തി. ബിജു കുര്യൻ മികച്ച കർഷകനെന്നും മുങ്ങാൻ പദ്ധതിയുണ്ടെന്ന് അറിവില്ലായിരുന്നുവെന്നും പായം പഞ്ചായത്ത് അംഗം അനിൽ പ്രതികരിച്ചു.
ഇസ്രയേലിൽ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് തിരഞ്ഞെടുക്കയച്ച സംഘത്തിൽ നിന്നാണ് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കാണാതായത്. സംഭവം കൃഷിവകുപ്പിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ബിജു കുര്യൻ സംഘത്തിൽ നിന്ന് മനപൂർവ്വം മുങ്ങിയതാണന്ന് വ്യക്തമായി. ബിജു കുര്യൻ്റെ വിസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ത്യൻ എംബസിക്ക് കത്തയച്ചിട്ടുണ്ട്. കർഷകനെ തിരഞ്ഞെടുത്തതിൽ വീഴ്ച പറ്റിയോ എന്ന ആരോപണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കണ്ണൂർ കാസർകോഡ് ജില്ലാ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം, കിളിയന്തറയിലുളള ബിജുവിൻറെ കൃഷിയിടത്തിലെത്തി വിശദമായ പരിശോധന നടത്തി. കൃഷി വകുപ്പിന് വീഴ്ചയില്ലന്ന് അന്വേക്ഷണ സംഘത്തിൻറെ കണ്ടെത്തൽ.
ബിജു മികച്ച കർഷകനെന്ന് പഞ്ചായത്ത് അംഗം. മുങ്ങാൻ പദ്ധതി ഉണ്ടെന്ന് അറിവില്ലായിരുന്നു.യാത്ര പോയവർക്കും, കൊണ്ടുപോയവർക്കും ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
സുഹൃത്തുക്കൾക്കൊപ്പം ബിജു കുര്യൻ ഇസ്രായേലിൽ തുടരുന്നതായാണ് വിവരം.