മുഖ്യമന്ത്രി വരുന്നേ..!’; പെരുമ്പറ വിളംബര ജാഥയുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

Advertisement

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർകോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

‘‘ആശുപത്രിയിൽ പോകേണ്ടവർ ഇന്നുതന്നെ പോയി അഡ്മിറ്റ് ആകേണ്ടതാണ്… നികുതി ചുമത്തുന്നതാണ്… കുടിയന്മാർ ബിവറേജിൽപ്പോയി ഇന്നുതന്നെ കുപ്പി വാങ്ങേണ്ടതാണ്… പുറത്തിറങ്ങാതെ വീടിനകത്തുതന്നെ കഴിയേണ്ടതാണ്…’’ വിളംബരം ചെയ്യുന്നതിന്റെ അതേ രീതിയിൽത്തന്നെ വായിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Advertisement