ആകാശിന്റെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തല്‍‍; രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ സിപിഎം, തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിനു പിന്നാലെയാണ് പൊതുയോഗം വിളിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ കൂട്ടാളികളായ ജിജോയ്ക്കും ജയപ്രകാശിനും ജാമ്യം കിട്ടിയ ശേഷമാണ് ഇന്നലെ ആകാശ് നാടകീയമായി മട്ടന്നൂർ കോടതിയിൽ കീഴടങ്ങി ജാമ്യം നേടിയത്. ആകാശിന്റെ ടവർ ലൊക്കേഷൻ പോലും കണ്ടെത്താനാവുന്നില്ലെന്ന് പൊലീസ് പറഞ്ഞത് നേരത്തെ ഉണ്ടാക്കിയ തിരക്കഥ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപണം.

ആകാശിന് ഇനി മറുപടിയേണ്ടതില്ലെന്ന് വ്യക്തമാക്കിയ ജില്ലാ നേതൃത്വമാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ആകാശിന്റെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിനെ പാർട്ടിയിലെ തന്നെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുവെന്നത് വിഭാഗീയ നീക്കമാണെന്ന തോന്നലും നേതൃത്വത്തിനുണ്ട്. ഇത് ഒഴിവാക്കാൻ കൂടിയാണ് തിങ്കളാഴ്ചത്തെ പൊതുയോഗം.

Advertisement