പ്രബുദ്ധകേരളത്തിനുമേല്‍ വീണ മാറാത്തകറ,അട്ടപ്പാടി മധുവധക്കേസ് അവസാനഘട്ടത്തിലേക്ക്,വീണ്ടും പുതിയ കറ

Advertisement

പാലക്കാട്. പ്രബുദ്ധകേരളത്തിനുമേല്‍ മാറാത്തകറയായ അട്ടപ്പാടി മധു വധക്കേസ് വിചാരണ അവസാന ഘട്ടത്തിലേക്ക്.ഈ മാസം 21 മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും.അടുത്ത മാസത്തില്‍ വിധി പ്രസ്താവം ഉണ്ടാവാനാണ് സാധ്യത.കേസില്‍ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറയുന്നത്


പ്രതിഭാഗം സാക്ഷിവിസ്താരവും പൂര്‍ത്തിയായതോടെയാണ് മധു കേസ് വാദം കേള്‍ക്കല്‍ നടപടികളിലേക്ക് കടക്കുന്നത്.കേസില്‍ ആകെ 122 സാക്ഷികളാണുണ്ടായിരുന്നത്.പിന്നീട് അഞ്ച് സാക്ഷികളെ കൂടി വിസ്തരിച്ചു.അതോടെ സാക്ഷികളുടെ എണ്ണം 127 ആയി. അതില്‍ 24 പേര്‍ കൂറുമാറി. രണ്ട് പേര്‍ മരിച്ചു.കേസ് സംബന്ധിച്ച് നേരത്തെ പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറഞ്ഞ താല്‍ക്കാലിക വനം വകുപ്പ് വാച്ചര്‍മാരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.

പ്രോസിക്യൂഷന് അനുകൂലമായും നിരവധി സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.സാക്ഷി മൊഴികളും ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ചുള്ള വാദമാണ് ഇനി നടക്കുക കേസില്‍ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പറയുന്നത്. 21 മുതല്‍ വാദം കേള്‍ക്കുന്ന കേസില്‍ വിധിപ്രസ്താവം അടുത്തമാസം ഉണ്ടാവാനാണ് സാധ്യത.

അതേ സമയം ഒരു കറമായാതെ തുടരുന്നതിനിടെ അതുപോലെ മറ്റൊരു കറകൂടി സമൂഹത്തിന് മേല്‍വീണുകഴിഞ്ഞു. കോഴിക്കോട്ട് ഭാര്യയുടെ പ്രസവത്തിന് കാടിറങ്ങിയ വിശ്വനാഥനെന്ന ആദിവാസിയുവാവിനെയും മോഷണക്കുറ്റമാരോപിച്ച് പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിടുകയായിരുന്നു കേരളത്തിലെ പ്രബുദ്ധ സമൂഹം.

Advertisement