ആലപ്പുഴ.കരയില്‍ തെരുവുനായ വെള്ളത്തില്‍ നീര്‍നായ എടത്വാക്കാരെന്തു ചെയ്യും. എടത്വയിൽ നീർനായയുടെ ആക്രമണത്തിൽ 4 പേർക്ക് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയവരെയാണ് നീർനായ കടിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സാധാരണ വെള്ളപ്പൊക്ക സമയത്താണ് കൂടുതലായും നീർനായയുടെ ആക്രമണം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് നീര്‍ നായയുടെ ആക്രമണം പതിവാകുകയാണ്.
തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ 4 പേർക്കാണ് കടിയേറ്റത്. കൊത്തപള്ളിൽ
പ്രമോദ്, ഭാര്യ രേഷ്മ, നെല്ലി ക്കുന്നത്ത് നിർമ്മല, പതിനെട്ടിൽ സുധീഷ് എന്നിവർക്കാണ് കടിയേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി.
മാസങ്ങളായി നീർനായയുടെ ആക്രമണത്തിൽ നിരവധിപേർക്കാണ് എടത്വയിലും തകഴിയിലും പരിക്കേറ്റത്. നീർനായയെ ഭയന്ന് ആളുകൾ ഇപ്പോൾ ആറ്റിൽ ഇറങ്ങുന്നത് കുറവാണ്. നീർനായ കടിച്ചാൽ സമീപ പ്രദേശങ്ങളിലെങ്ങും ചികിത്സ ലഭ്യമല്ല. പേപ്പട്ടി കടിച്ചാലെന്നപോലെ കുത്തിവയ്പാണ് എടുക്കേണ്ടത്.