കാപ്പാ നിയന്ത്രണ ലംഘനം; സ്ഥിരം കുറ്റവാളി കരുതല്‍ തടങ്കലില്‍

കൊല്ലം: സ്ഥിരമായി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയതിന് കാപ്പാ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിലാക്കി. കൊല്ലം പോളയത്തോട്, വയലില്‍ തോപ്പ് പുത്തന്‍ വീട്ടില്‍ അരുണ്‍ദാസ്(30) നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിലാക്കിയത്.

2017 മുതലുള്ള കാലയളവില്‍ വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, അതിക്രമം, ആക്രമണം, ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, കൊലപാതക ശ്രമം, നരഹത്യാശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യ്ത നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ദാസിനെതിരെ കാപ്പാ നിയമപ്രകാരം ആറ് മാസക്കാലത്തേക്ക് സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. നിയന്ത്രണം ലംഘിച്ചതിനും, നിയന്ത്രണ കാലയളവില്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തതിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വ്വീണ്‍ ഐ.എ.എസ് ഇയാള്‍ക്കെതിരെ ആറ് മാസക്കാലത്തേക്ക് കരുതല്‍ തടങ്കലിന് ഉത്തരവായത്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ജിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിനായി തുരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement