ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ..,മനുഷ്യ സഹജമായ മര്യാദകള്‍പോലും മറന്ന് സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞാടുന്ന പാര്‍ട്ടിക്കൊലയാളികള്‍

Advertisement

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതി ആകാശ് തില്ലങ്കേരി ഇട്ട ഫെയ്സ്ബുക്ക് കമന്റിന്റെ വന്‍ വിവാദമായിട്ടും ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം.

ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് കമന്റിലൂടെയുള്ള പരിഹാസം. ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളുടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

അതിനിടെ, സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും. പരാതിയില്‍ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങള്‍ ചെയ്തെന്നു സൂചിപ്പിക്കുന്ന ഫെയ്സ്ബുക്ക് കമന്റിലൂടെയാണ് ആകാശ് സിപിഎം, ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്.

പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉള്‍പ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്ഐ പ്രസ്താവനയിറക്കിയിരുന്നു. അതേസമയം ഷുഹൈബ് വധക്കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഷുഹൈബ് രക്തസാക്ഷിത്വത്തിന്‍റെ നാലാം വാർഷികം നാടെങ്ങുമാചരിക്കുന്ന വേളയിലാണ് ഈ കൊലപാതകത്തിനു ആസ്പദമായ കാര്യങ്ങൾ പുറത്തുവരുന്നത്. കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ലെന്നും മകനെയോർത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊലപാതകത്തിന് മുമ്പ് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വന്നതോടെ നിലനിൽപ്പിനായി സ്വയം സംഘടിക്കുന്ന ക്വൊട്ടേഷൻ സംഘങ്ങൾ തുടർച്ചയായി അഴിഞ്ഞാടുന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എം നേതൃത്വത്തിനാനിന്നും അദ്ദേഹം ആരോപിച്ചു.

ക്വട്ടേഷൻ സംഘങ്ങളെ ഉൽപാദിപ്പിക്കുന്ന കമ്പനിയായി സി.പി.എം. മാറിക്കഴിഞ്ഞു. കൃത്യം ചെയ്തവർ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തിൽ കൊലയ്ക്ക് പ്രേരണ നൽകിയവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പാർട്ടി സഖാക്കൾക്ക് അഴിമതി നടത്താനും വൻ വെട്ടിപ്പു നടത്താനും മാത്രമല്ല കൊലക്കേസ് പ്രതികൾക്ക് ജോലി നൽകി സുരക്ഷയ്ക്കുള്ള താവളമായും സഹകരണ ബാങ്കുകളെ സി.പി.എം മാറ്റുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിന്‍റെയൊക്കെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഗുഢസംഘത്തെ പൊതു സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടണം. അതിനു വേണ്ടത് നിയമനടപടിയാണ്. അങ്ങനെ സത്യസന്ധമായ ഒരു അന്വേഷണത്തിലൂടെ യഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisement