അച്ഛനും കു​ഞ്ഞും സുരക്ഷിതർ; കുഞ്ഞിന്റെ കൈപിടിച്ച് സിയ; ആദ്യ ചിത്രം പുറത്തുവിട്ടു

Advertisement

ഇന്ന് രാവിലെയാണ് ട്രാൻസ് ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നത്. ഇപ്പോൾ കുഞ്ഞു ജനിച്ചതിലെ സന്തോഷം പങ്കുവയ്ക്കുകയാണ് അമ്മയായ സിയ. കുഞ്ഞിന്റെ കൈപിടിച്ചുള്ള ചിത്രവും സിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. വികാര നിർഭരമായ കുറിപ്പോടെയാണ് സിയ ചിത്രം പങ്കുവച്ചത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘കാലങ്ങളുടെ കാത്തിരിപ്പിൽ ഇന്ന് (08/02/2023) ബുധനാഴ്ച രാവിലെ 09:37 ന് 2.920kg തൂക്കത്താൽ ഞങ്ങളുടെ സ്വപ്നങ്ങൾ ഉച്ചത്തിൽ കരയുന്ന ശബ്ദത്താൽ ഭൂമിയിലെ ശ്വസനവും വിരിയാത്ത മങ്ങുന്ന കണ്ണുകളിൽ വെളിച്ചം അനുഭവിക്കാനും തുടങ്ങി.. സന്തോഷങ്ങൾ കണ്ണുനീരിലാറാടി. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സുരക്ഷിതമാണിന്ന് മാലാഖമാരുടെ കൈകളിൽ. പ്രാർത്ഥനയാൽ കൂടെ പിടിച്ച നിരവധി മനുഷ്യർ അതിന്റെ ഫലമായിരിക്കാം. കൂടെ നിന്നവർകൊക്കയും വാക്കുകളാൽ എഴുതാൻ പറ്റാത്തത്രയും നന്ദിയും കടപ്പാടുo.’കോഴിക്കോട് മെഡിക്കൽ കോളജ് ഐഎംസിഎച്ച് വിഭാഗത്തിലെ ആരോഗ്യപ്രവർത്തകരോട് നന്ദിയുണ്ടെന്ന് സിയ പ്രതികരിച്ചു. കുഞ്ഞിനായുള്ള പേര് കണ്ടുവച്ചിട്ടുണ്ടെന്നും പിന്നീട് അറിയിക്കുമെന്നും സിയ പറഞ്ഞു.

‘ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് എന്റെ പേര് നൽകണമെന്ന് അധികൃതരോട് അഭ്യർഥിക്കുകയാണ്. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് സഹദിന്റെയും അമ്മയുടെ പേരിന്റെ സ്ഥാനത്ത് എന്റെയും പേരുകൾ വരണമെന്ന് ഞങ്ങൾ വളരെ അധികം ആഗ്രഹിച്ച കാര്യമാണ്. സഹദ് ഇതിനു തയാറായതു തന്നെ അച്ഛനാകുമല്ലോ എന്ന ആഗ്രഹത്തിലാണ്. കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ ഫോട്ടോ പിന്നീട് നൽകും.’– സിയ വ്യക്തമാക്കി.

കുഞ്ഞിന് 2.9 കിലോ ഭാരമുണ്ടെന്നും നിരീക്ഷണത്തിലാണെന്നും ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ പറഞ്ഞു. കുഞ്ഞിന്റെ ജെൻഡർ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്നതു സംബന്ധിച്ചു നിയമവശങ്ങൾ നോക്കി തീരുമാനമെടുക്കും. സാധാരണ സിസേറിയൻ പോലെ തന്നെ നിശ്ചിത സമയത്തിനു ശേഷം ആശുപത്രി വിടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാൻസ്മെൻ പ്രഗ്നൻസിയിലൂടെ കുഞ്ഞ് ജനിക്കുന്നത് ഇന്ത്യയിൽ തന്നെ ആദ്യത്തെ സംഭവമാണ്. ശസ്ത്രക്രിയയിലൂടെ മാറിടം സഹദ് നീക്കം ചെയ്തിരുന്നു. തുടർന്നാണ് ദമ്പതികൾ വിപ്ലകരമായ തീരുമാനം എടുത്തത്.

Advertisement