കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊന്ന ക്ലാസില്‍ ഉണ്ടായിരുന്ന ഷെസിന ജീവനൊടുക്കി; കുറിപ്പുമായി വാചസ്പതി

കണ്ണൂര്‍: 1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവയിരുന്ന കെ.ടി.ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നപ്പോള്‍ ദൃക്‌സാക്ഷിയാകുകയും അതിന്റെ മാനസിക ആഘാതത്തില്‍നിന്ന് കരകയറാന്‍ കഴിയാതെ രണ്ടു ദശകത്തിനിപ്പുറം ജീവനൊടുക്കുകയും ചെയ്ത ഷെസിനയ്ക്ക് (33) ആദരാഞ്ജലി അര്‍പ്പിച്ച് സമൂഹമാധ്യമത്തില്‍ ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ കുറിപ്പ്. ചിരിച്ചും കളിച്ചും തൊട്ടടുത്തു നിന്ന അധ്യാപകന്‍ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോള്‍ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞുവെന്നും സന്ദീപ് കുറിച്ചു.

പാനൂർ കൂരാറ ചെക്കൂട്ടിന്‍റെവിട വീട്ടിൽ ഷെസിന ആത്മഹത്യ ചെയ്തു. കേരളത്തിൽ നടക്കുന്ന അസംഖ്യം ആത്മഹത്യകളിൽ ഒന്നു മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇത്. കമ്മ്യൂണിസ്റ്റ് കാട്ടാളൻമാർ നടത്തിയ കൊലപാതകമാണിത്. 22 വർഷങ്ങൾക്ക് മുൻപ് കൊല്ലാക്കൊല ചെയ്യപ്പെട്ട 11 വയസുകാരി ഇന്ന് 33-ാം വയസിൽ ജീവനൊടുക്കി എന്നേയുള്ളൂ. 1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യുപി സ്‌കൂളിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ എന്ന യുവമോർച്ചാ സംസ്ഥാന ഉപാധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടിനുറുക്കി കൊന്നപ്പോൾ ഷെസിനയുടെ ജീവിതം അവസാനിച്ചതാണ്. ഷെസിനയുടെ മാത്രമല്ല 6 B യിൽ ഉണ്ടായിരുന്ന മറ്റ് 16 പിഞ്ചുകുട്ടികളുടേയും.

ചിരിച്ചും കളിച്ചും തൊട്ടടുത്തു നിന്ന അധ്യാപകൻ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്കു ചിതറി തെറിച്ചപ്പോൾ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞു. മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗൺസിലിങ്ങും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്കു തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യർ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവിൽ ഇനി ജീവിക്കേണ്ട എന്ന് ഷെസിന കഴി‍ഞ്ഞ ദിവസം തീരുമാനിച്ചു. സ്നേഹനിധികളായ വീട്ടുകാരുടേയും ബന്ധുക്കളുടേയും ബിജെപി പ്രവർത്തകരുടേയും ഒക്കെ ശ്രമഫലമായി ബിരുദം വരെ പഠിക്കാൻ ഷെസിനയ്ക്ക് കഴിഞ്ഞിരുന്നു. സാംസ്കാരിക കേരളം (അങ്ങനെ ഒന്നുണ്ടെങ്കിൽ), കാണാതെ പോയ ഷെസിനയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

യഥാർത്ഥത്തിൽ 17 പേരെ കൊന്നതിനായിരുന്നു കേസ് എടുക്കേണ്ടിയിരുന്നത്. എന്നാൽ ഈ കേസിലെ ഒന്നാം പ്രതിയായ അച്ചാരമ്പത്ത് പ്രദീപനെ അതേ സ്കൂളിന്‍റെ പിടിഎ പ്രസിഡന്‍റാക്കിയ കണ്ണിൽ ചോരയില്ലായ്മയാണ് പിന്നീട് കേരളം കണ്ടത്. അധികാരത്തിന്‍റെ ഹുങ്കിൽ പലരേയും നിശബ്ദരാക്കാനും പലതും ചെയ്യാനും കഴിഞ്ഞേക്കാം. എങ്കിലും ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓർക്കുക. പ്രണാമം സഹോദരീ…

Advertisement