മെഗാസ്റ്റാറിന്റെ ബിലാൽ അപ്ഡേറ്റ് എന്ന്; കൂടുതൽ വിവരങ്ങളിതാ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദ് 2017 ഇൽ പ്രഖ്യാപിച്ച ചിത്രമാണ് ബിലാൽ. 2007ൽ റിലീസ് ചെയ്ത മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയാണ് ബിലാൽ പ്രഖ്യാപിക്കപ്പെട്ടത്. അമൽ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, ഇന്നസെന്റ്, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ട ഈ ചിത്രം ഫോർ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേർഷൻ ആയിരുന്നു. ഏതായാലും ഇതിലെ ബിലാൽ എന്ന മമ്മൂട്ടി കഥാപാത്രം ഇന്ന് ആരാധകരുടെ ഏറ്റവും പ്രീയപ്പെട്ട മാസ്സ് മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ്. അത്കൊണ്ട് തന്നെ ബിലാൽ എന്നുവരുമെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തിരക്കഥ പൂർത്തിയാവാൻ സമയമെടുത്തതും കോവിഡ് പ്രതിസന്ധിയുമൊക്കെയാണ് ഈ ചിത്രം നീണ്ടു പോകാനുള്ള കാരണമെന്നറിയുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം ബിലാൽ ആരംഭിക്കും. ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് കഴിഞ്ഞ വർഷം ചെയ്തത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ഇത് മാറി. അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് സൂചന. ആ ചിത്രം പൂർത്തിയായിക്കഴിഞ്ഞാൽ മമ്മൂട്ടി ചിത്രമായ ബിലാലിന്റെ ജോലികളിലേക്ക് അമൽ നീരദ് കടക്കുമെന്നാണ് വാർത്തകൾ പറയുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങി മലയാളത്തിലെ വമ്പൻ താരങ്ങളെ വെച്ചൊക്കെ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അമൽ നീരദ്.

Advertisement