നയനയുടെ മരണം: കാണാതായ തൊണ്ടിമുതലുകള്‍ സ്‌റ്റേഷനില്‍ തന്നെ, ബെഡ്ഷീറ്റും വസ്ത്രങ്ങളും കണ്ടെത്തി

Advertisement

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കാണാതായ തൊണ്ടിമുതലുകള്‍ കണ്ടെത്തി. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍നിന്നാണ് നിര്‍ണായകമായ തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. നയന സൂര്യയുടെ മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റ്, തലയണ കവറുകള്‍, ചില വസ്ത്രങ്ങള്‍ എന്നിവയാണ് മ്യൂസിയം സ്‌റ്റേഷനില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിയില്‍നിന്ന് കണ്ടെടുത്തത്.

നേരത്തെ, നയനയുടെ മരണത്തിന് പിന്നാലെ മഹസര്‍ തയ്യാറാക്കി പോലീസ് സംഘം ഈ തൊണ്ടിമുതലുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് അന്നത്തെ അന്വേഷണസംഘം ഇത് കോടതിയില്‍നിന്ന് ഏറ്റുവാങ്ങി. ഇതിനുശേഷമാണ് തൊണ്ടിമുതലുകള്‍ കാണാതായത്.

നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ആദ്യഘട്ടത്തില്‍തന്നെ തൊണ്ടിമുതലുകള്‍ കണ്ടെടുക്കാനാണ് ശ്രമിച്ചത്. മ്യൂസിയം സ്റ്റേഷനില്‍തന്നെ ഇവയുണ്ടാകുമെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് മ്യൂസിയം പോലീസിന് ഇതുസംബന്ധിച്ച കത്തുനല്‍കുകയും ഇതനുസരിച്ച് മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന മുറി പരിശോധിക്കുകയും ചെയ്തതോടെയാണ് ഇവയെല്ലാം കണ്ടെത്തിയത്.

അതേസമയം, കണ്ടെടുത്ത വസ്ത്രങ്ങള്‍ നയന മരണസമയത്ത് ധരിച്ചിരുന്നതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

Advertisement